ബിഗ് ബോസ് മലയാളം സീസണ്‍ 7-ലെ പതിനൊന്നാം വാരത്തിലെ എവിക്ഷന്‍ ഇന്ന് നടക്കും. നോമിനേഷനിലെ എട്ടുപേരില്‍ അഞ്ചുപേര്‍ സേഫ് ആയപ്പോള്‍ അവശേഷിക്കുന്ന മൂന്ന് പേരില്‍ നിന്ന് ഒരാളോ അതിലധികമോ പേര്‍ പുറത്താകും.
ബിഗ് ബോസ് മലയാളം സീസണ്‍ 7 പതിനൊന്നാം വാരത്തിലേക്ക് കടക്കുകയാണ്. പതിനൊന്ന് മത്സരാര്‍ഥികളാണ് നിലവില്‍ ഹൗസില്‍ അവശേഷിക്കുന്നത്. അത് ഇന്ന് വീണ്ടും ചുരുങ്ങും. ശനിയാഴ്ച എവിക്ഷന്‍ ഇല്ലാതിരുന്നതിനാല്‍ ഈ വാരത്തിലെ എവിക്ഷന്‍ ഇന്നാണ് നടക്കുക. പുറത്താവുന്നത് ആരാവും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും മത്സരാര്‍ഥികളും. എട്ട് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഷാനവാസ്, അനീഷ്, നെവിന്‍, അനുമോള്‍, സാബുമാന്‍, അക്ബര്‍, ലക്ഷ്മി, ബിന്നി എന്നിവര്‍. ഇതില്‍ രണ്ട് പേര്‍ സേവ്ഡ് ആണെന്ന് മോഹന്‍ലാല്‍ ഇന്നലെ അറിയിച്ചിരുന്നു. അവശേഷിക്കുന്ന ആറ് പേരില്‍ നിന്നാണ് ഇന്ന് എവിക്ഷന്‍ നടക്കുക.
എന്നാല്‍ അവശേഷിക്കുന്ന ആറ് പേരില്‍ നിന്ന് മൂന്ന് പേര്‍ കൂടി സേവ്ഡ് ആയെന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോ സൂചിപ്പിക്കുന്നുണ്ട്. നെവിന്‍, അനുമോള്‍, സാബുമാന്‍, അക്ബര്‍, ലക്ഷ്മി, ബിന്നി എന്നിവരില്‍ നിന്ന് നെവിന്‍, അനുമോള്‍, സാബുമാന്‍ എന്നിവര്‍ സേവ്ഡ് ആയെന്നാണ് പ്രൊമോ സൂചിപ്പിക്കുന്നത്. അവശേഷിക്കുന്ന അക്ബര്‍, ലക്ഷ്മി, ബിന്നി എന്നിവരില്‍ നിന്ന് ഒരാളോ ഒന്നിലധികം പേരോ പുറത്താവുമെന്ന് പ്രൊമോ സൂചിപ്പിച്ചിരിക്കുന്നു.
മുന്‍ സീസണുകളില്‍ ബിഗ് ബോസ് കാണിച്ചിട്ടുള്ള ഒരു മാതൃകയിലാണ് ഇന്ന് നടക്കുന്ന എവിക്ഷനും. ഗാര്‍ഡന്‍ ഏരിയയിലെ മൂന്ന് പെഡസ്റ്റലുകളില്‍ മൂന്ന് മത്സരാര്‍ഥികളുടെയും ചിത്രങ്ങളും അതിന് താഴെയായി അവരുടെ പ്രേക്ഷകവിധിയും ഉണ്ട്. എന്നാല്‍ അത് ഉള്ളില്‍ നിറച്ചിരിക്കുന്ന സ്പോഞ്ച് ഗ്രാന്യൂള്‍സ് കൊണ്ട് മറച്ചിരിക്കുകയാണ്. മത്സരാര്‍ഥികള്‍ തന്നെയാണ് ആ ഗ്രാന്യൂള്‍സ് പുറത്തേക്ക് പോകുന്ന സുഷിരം തുറക്കേണ്ടത്. തുടര്‍ന്ന് മത്സരാര്‍ഥികളുടെ ചിത്രങ്ങള്‍ തെളിഞ്ഞുവരുന്നതും ബാക്കി മത്സരാര്‍ഥികള്‍ അതിലേക്ക് ഉറ്റുനോക്കുന്നതും പ്രൊമോയില്‍ കാണാം.
പത്ത് ആഴ്ചകള്‍ ഹൗസില്‍ നിന്നവര്‍ ആയതിനാല്‍ നിലവിലെ മത്സരാര്‍ഥികളെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതര്‍ ആണ്. ഇത്തവണത്തെ എവിക്ഷന്‍ കൂടി കഴിയുമ്പോള്‍ മത്സരാര്‍ഥികളുടെ എണ്ണം ഏറ്റവും ചുരുങ്ങിയത് പത്ത് ആവും. പിന്നീട് ഫൈനല്‍ ഫൈവില്‍ ഇടം പിടിക്കാനുള്ള മത്സരമാവും ഇവര്‍ക്കിടയില്‍ മുറുകുക. ടാസ്കില്‍ പൊതുവെ പിന്നോക്കം നില്‍ക്കുന്ന മത്സരാര്‍ഥികളാണ് ഇത്തവണ കൂടുതല്‍. എന്നാല്‍ ഫൈനല്‍ ഫൈവ് മുന്നില്‍ വരുമ്പോള്‍ ടാസ്കുകളിലെ മത്സരാവേശം ഉയരാന്‍ സാധ്യതയുണ്ട്. ഫൈനല്‍ ഫൈവില്‍ ആരൊക്കെ എത്തും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍.

