തമിഴകത്തെ ഹിറ്റ് സംവിധായകനാണ് എ ആര്‍ മുരുഗദോസ്. അജിത്ത് നായകനായ ധീന ഒരുക്കിക്കൊണ്ടാണ് എ ആര്‍ മുരുഗദോസ് സംവിധാന രംഗത്തേയ്‍ക്ക് എത്തിയത്. ഇരുവരും അതിനു ശേഷം ഒന്നിച്ച സിനിമ തിയേറ്ററിലെത്തിയിട്ടില്ല. സംവിധായകനെന്ന നിലയില്‍ എ ആര്‍ മുരുഗദോസ്സിനും നായകനെന്ന നിലയില്‍ അജിത്തിനും വലിയ സ്വീകാര്യത നേടിക്കൊടുത്ത ചിത്രമായിരുന്നു ധീന. അജിത്തിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്നതാണ് തന്റെ വലിയ ആഗ്രഹമെന്ന് എ ആര്‍ മുരുഗദോസ് പറയുന്നു.

മിരട്ടാല്‍ എന്ന സിനിമ ആലോചിച്ചെങ്കിലും നടക്കാതെ പോകുകയായിരുന്നു. സിനിമ തുടങ്ങിയതിന് ശേഷം അജിത് സാറും നിര്‍മ്മാതാവും തമ്മിലുള്ള പ്രശ്‍നം കാരണമാണ് സിനിമ ഒഴിവാക്കിയത്. പക്ഷേ ഞങ്ങള്‍ക്ക് ഇടയില്‍ നല്ല ബന്ധമുണ്ട്. ഇടയ്‍ക്ക് വിജയ് സാറുമായി ഒന്നിച്ച് തുടര്‍ച്ചയായി സിനിമകള്‍ ചെയ്‍തു. അങ്ങനെ ചെറിയ ഇടവേള വന്നു. ഞാൻ അജിത് സാറിന്റെ സിനിമകള്‍ കാണുകയും അദ്ദേഹത്തിന്റെ മാനേജറെ വിളിച്ച് അഭിപ്രായം പറയുകയുമൊക്കെ ചെയ്യാറുണ്ട്.  കാര്യങ്ങള്‍ ശരിയാകുകയാണെങ്കില്‍ ഞങ്ങള്‍ ഒന്നിച്ച് വീണ്ടും ഒരു സിനിമ ചെയ്യും. ആളുകളെ രസിപ്പിക്കുന്നതാണ് സിനിമ. യഥാര്‍ഥ ഒരു നായകനൊപ്പും മികച്ച സിനിമ ചെയ്യണമെന്ന ആഗ്രഹം എനിക്ക് എപ്പോഴുമുണ്ട്, ഞാൻ ഇഷ്‍ടപ്പെടുന്ന ഒരു നായകനെ വെച്ചുള്ള ഒരു സിനിമ- എ ആര്‍ മുരുഗദോസ് പറയുന്നു. അതേസമയം രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ദര്‍ബാര്‍ ആണ് എ ആര്‍ മുരുഗദോസിന്റേതായി എത്താനുള്ള സിനിമ.