18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തെക്കുറിച്ച് തനിക്കൊരു ഭയമുണ്ടെന്ന് മമ്മൂട്ടി വെളിപ്പെടുത്തുന്നു
മലയാളത്തിന്‍റെ ഏറ്റവും വലിയ താരങ്ങള്‍ 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം. പേട്രിയറ്റ് എന്ന ചിത്രം റിലീസിന് മുന്‍പ് ഇത്ര ഹൈപ്പ് നേടാനുള്ള കാരണം മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളായി ഒരുമിച്ച് എത്തുന്നു എന്നതാണ്. ഒപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, ദര്‍ശന രാജേന്ദ്രന്‍, രാജീവ് മേനോന്‍ എന്നിങ്ങനെയുള്ള തിളങ്ങുന്ന താരനിരയുമുണ്ട്. അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുമ്പോഴും ഒരു കാര്യത്തില്‍ തനിക്ക് ചെറിയൊരു ഭയമുണ്ടെന്ന് മമ്മൂട്ടി പറയുന്നു. മമ്മൂട്ടി കമ്പനിക്കുവേണ്ടി അളകനന്ദ നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി ആ ഭയത്തെക്കുറിച്ച് പറയുന്നത്.
ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് മെഗാ സ്റ്റാറുകള്‍ ഒന്നിക്കുകയാണ്. ഒപ്പം ഒരുപാട് യുവതാരങ്ങളുമുണ്ട്. ഹരികൃഷ്ണന്‍സിന്‍റെ ട്വിസ്റ്റ് ഉള്ള അവസാനത്തിന് ശേഷം ഒന്നിക്കുമ്പോള്‍ ഇങ്ങനെയൊരു മെഗാ ബജറ്റ് സിനിമ. ഒരുപാട് പ്രതീക്ഷകള്‍ ഉണ്ട് ജനങ്ങള്‍ക്ക് എന്ന് അളകനന്ദ പറയുമ്പോഴാണ് മമ്മൂട്ടി തനിക്കുള്ള ഭയത്തെക്കുറിച്ച് പറയുന്നത്. അത് ഇങ്ങനെ- അതിന് ചെറിയൊരു ഭയമുള്ളത്, ഇത് നമ്മളെ താരങ്ങളായി ഉപയോഗിച്ചിട്ടുള്ള സിനിമയല്ല എന്നതാണ്. ഞങ്ങളുടെ ഭാഗ്യം കൊണ്ട് ഞങ്ങളെ താരങ്ങളായി മാത്രമല്ല പ്രേക്ഷകര്‍ കാണുന്നത്. ഞങ്ങള്‍ (മോഹന്‍ലാലിനൊപ്പം) ഒരുമിച്ച് കൂടുതലും അഭിനയിച്ചിരിക്കുന്നത് സോ കോള്‍ഡ് മാസ് ഒന്നുമുള്ള സിനിമകളല്ല. എംടിയുടെയും പത്മരാജന്‍റെയുമൊക്കെ സിനിമകളില്‍ ഞങ്ങള്‍ അഭിനയിച്ചത് നല്ല കഥാപാത്രങ്ങള്‍ ആയിട്ടാണ്. അത് ഈ യാത്രയില്‍ ഒരുപാട് എനര്‍ജി ഉണ്ടാക്കി തന്നിരിക്കുന്ന കഥാപാത്രങ്ങള്‍ ആണ്, മമ്മൂട്ടി പറയുന്നു.
ഈ സിനിമയിലും ഞങ്ങളെ ആവശ്യപ്പെടുന്ന, ഞങ്ങളെ ഉപയോഗിക്കാവുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് താരങ്ങള്‍ എന്നുള്ളതല്ല, രണ്ട് നടന്മാര്‍ എന്ന നിലയിലാണ്. മലയാള സിനിമയില്‍ നമ്മളെക്കൊണ്ട് ആവുന്ന രീതിയിലൊക്കെ നമ്മള്‍ അഭിനയിച്ചിട്ടുണ്ട്. ആളുകള്‍ക്ക് ഇഷ്ടവുമുണ്ട്. അത് നിലനിര്‍ത്താവുന്ന സിനിമ ആയിരിക്കും. ഇത് സോ കോള്‍ഡ് മാസ് ഫോര്‍മുല അല്ല. ഈ സിനിമ ചിലപ്പോള്‍ പുതിയൊരു ഫോര്‍മുല ഉണ്ടാക്കിയേക്കാം. അതിനെപ്പറ്റി നമുക്ക് അറിയില്ല. ആവണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിന്‍റെ അധ്വാനം 130 ദിവസത്തെ ഷൂട്ടിംഗും അത്രത്തോളം പണവും മുടക്കിയിട്ടുള്ള സിനിമയാണ്, മമ്മൂട്ടി പറഞ്ഞുനിര്‍ത്തുന്നു.

