രാജ്യത്തെ കൊവിഡ് ദുരിതാശ്വാസ ഫണ്ടുകളിലേക്ക് സിനിമാ മേഖലകളിലെ പല പ്രമുഖരും സംഭാവനകള്‍ നല്‍കുന്നുണ്ട്. ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, പ്രിയങ്ക ചോപ്ര, അജയ് ദേവ്ഗണ്‍, രോഹിത് ഷെട്ടി തുടങ്ങിയവരൊക്കെ സംഭാവനകള്‍ നല്‍കിയവരില്‍ പെടുന്നു. പലരും നല്‍കിയ വലിയ തുകകളും വാര്‍ത്തകളായിരുന്നു. ആ വാര്‍ത്തകളിലൊന്നും ആമിര്‍ ഖാന്‍റെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍ പല ഫണ്ടുകളിലേക്കും പണം നല്‍കിയിട്ടും അതേക്കുറിച്ച് നിശബ്ദത പാലിക്കുകയായിരുന്നു ആമിര്‍ എന്നാണ് പുതിയ വിവരം.

കൊവിഡ് 19 പ്രതിരോധത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടായ പിഎം കെയേഴ്‍സിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആമിര്‍ ഇതിനകം സംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു. സിനിമാ മേഖലയിലെ തൊഴിലാളികളുടെ സംഘടനയ്ക്കും മറ്റ് ചില എന്‍ജിഒകള്‍ക്കും ആമിറിന്‍റെ സഹായം ലഭിച്ചിട്ടുണ്ടെന്നും വാര്‍ത്ത പറയുന്നു. താന്‍ അഭിനയിക്കുന്ന പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന ദിവസ വേതനക്കാര്‍ക്കും ലോക്ക് ഡൌണ്‍ കാലയളവില്‍ ആമിര്‍ സഹായം നല്‍കിയിട്ടുണ്ട്. അതേസമയം ഇതേക്കുറിച്ചൊക്കെ നിശബ്‍ദനാണ് ആമിര്‍ ഖാന്‍. 

സിനിമയിലെ 25000 ദിവസ വേതനക്കാര്‍ക്ക് സല്‍മാന്‍ ഖാന്‍ സഹായം പ്രഖ്യാപിച്ചിരുന്നു. തന്‍റെ പുതിയ ചിത്രമായ രാധെയുടെ പിന്നണി പ്രവര്‍ത്തകര്‍ക്കും സല്‍മാന്‍റെ സഹായം ലഭിച്ചിരുന്നു. തങ്ങളുടെ നാല് നില ഓഫീസ് കെട്ടിടം ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കായി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഷാരൂഖും ഭാര്യ ഗൌരി ഖാനും  അറിയിച്ചിരുന്നു. ദുരിതാശ്വാസ നിധികളിലേക്കും ഷാരൂഖ് ഖാന്‍ സഹായം നല്‍കിയിരുന്നു. വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസിന്‍റെ സഹായനിധിയിലേക്ക് രോഹിത് ഷെട്ടിയും അജയ് ദേവ്ഗണും ചേര്‍ന്ന് 51 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.