തന്‍റെ മൂന്നാം വിവാഹത്തിന് നേരെയുയര്‍ന്ന ലവ് ജിഹാദ് ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍
ദീര്‍ഘകാല സുഹൃത്ത് ഗൗരി സ്പ്രാട്ടുമായുള്ള ബോളിവുഡ് താരം ആമിര്‍ ഖാന്‍റെ വിവാഹം ഈ മാസം അഞ്ചാം തീയതി ആയിരുന്നു. ആമിറിന്‍റെ മൂന്നാം വിവാഹമായിരുന്നു ഇത്. സുഹൃത്തുക്കളില്‍ നിന്നും സിനിമയിലെ സഹപ്രവര്‍ത്തകരില്‍ നിന്നുമൊക്കെ ആശംസകളാണ് ആമിറിനെ തേടിയെത്തിയതെങ്കില്‍ ചില കോണുകളില്‍ നിന്ന് മറ്റ് ചില വിമര്‍ശനങ്ങളും അദ്ദേഹത്തിന് ഇതിന് ശേഷം നേരിടേണ്ടി വന്നിരുന്നു. ഇത് ലവ് ജിഹാദിന്‍റെ ഉദാഹരണം ആണെന്നായിരുന്നു മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെയുടെ പ്രതികരണം. മഹാരാഷ്ട്രയിലെ തന്നെ മന്ത്രിയും ശിവസേന നേതാവുമായ സഞ്ജയ് ഷിര്‍സാത്തും ലവ് ജിഹാദ് ആരോപണം ഉയര്‍ത്തിയിരുന്നു. ഇത്തരത്തിലുള്ള നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ആമിറിനെതിരെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍.
തങ്ങളുടെ കുടുംബം ഉള്‍ക്കൊള്ളല്‍ സംസ്കാരമുള്ള ഒന്നാണെന്നായിരുന്നു ആമിറിന്‍റെ പ്രതികരണം. ഡെക്കാണ്‍ ക്രോണിക്കിളിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. “എന്‍റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. എന്‍റെ മകളും ഒരു ഹിന്ദുവിനെയാണ് വിവാഹം ചെയ്തത്. എന്‍റെ കസിന്‍ മന്‍സൂര്‍ ഒരു ക്രിസ്ത്യാനിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഗൗരിയോ റീനയോ കിരണോ ഒന്നും എന്നെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ അവരുടെ മതം മാറിയില്ല. ഗൗരി ഒരു ഹിന്ദുവല്ല, മറിച്ച് ക്രിസ്ത്യാനിയാണ്. അതേസമയം മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കാറുള്ള ഒരാളുമല്ല. കാലം മുന്നോട്ട് പോകവെ ജീവിതം കൂടുതല്‍ തമാശ നിറഞ്ഞതാവുകയാണ്”, വിവാദങ്ങളോട് ആമിര്‍ ഖാന്‍ പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആമിറും ഗൗരി സ്പ്രാട്ടും ഡേറ്റിംഗില്‍ ആയിരുന്നു. മുംബൈ ബാന്ദ്ര പാലി ഹില്ലിലെ ആമിറിന്‍റെ വസതിയില്‍ രജിസ്റ്റര്‍ വിവാഹമാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 150 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 47 കാരിയായ ഗൗരിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആമിറിന്‍റെ ആദ്യ വിവാഹങ്ങളിലെ മക്കളായ ജുനൈദ് ഖാന്‍, ഇറ ഖാന്‍, ആസാദ് റാവു ഖാന്‍, ഗൗരിയുടെ ആദ്യ വിവാഹത്തിലെ മകന്‍ ക്വിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഗൗരി സ്പ്രാട്ടുമായുള്ള ബന്ധത്തെക്കുറിച്ച് 2025 മാര്‍ച്ചില്‍ അറുപതാം പിറന്നാള്‍ ദിനത്തിലാണ് ആമിര്‍ ഖാന്‍ ആദ്യമായി തുറന്ന് പറഞ്ഞത്.



