ഇറാനിൽ ഇസ്രയേൽ നടത്തിയ അക്രമണത്തെ അപലപിച്ച് ഖത്തർ. അപകടകരവും ഉത്തരവാദിത്തം ഇല്ലാത്തതുമായ പ്രകോപനമാണ് നടന്നതെന്ന് ഖത്തർ പ്രതികരിച്ചു
ദില്ലി: ഇറാനിൽ ഇസ്രയേൽ നടത്തിയ അക്രമണത്തെ അപലപിച്ച് ഖത്തർ. അപകടകരവും ഉത്തരവാദിത്തം ഇല്ലാത്തതുമായ പ്രകോപനമാണ് നടന്നതെന്ന് ഖത്തർ പ്രതികരിച്ചു. ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിൽ ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനി കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഖത്തറിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കം. അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ വ്യക്തിത്വമാണ് ഇല്ലാതായത്. ഹോർമൂസ് കടലിടുക്കിനോട് ചേർന്ന തീരത്തെ ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ഭൂഗർഭവേധ ബോബുകളിട്ട് അമേരിക്ക ആക്രമിച്ചു. ഗൾഫ് രാജ്യങ്ങളിലേക്കും ഇസ്രയേലിലേക്കും ഇറാന്റെ ആക്രമണം തുടരുകയണ്. ഖത്തറിലും യുഎഇയിലും പെരുന്നാളിന് ഈദ് നമസ്ക്കാരം പള്ളികളിൽ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്.
ഇസ്ലാമിക വിപ്ലവം മുതൽ സ്വാധീനശേഷിയായ, കൊല്ലപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിൽ അയത്തുള്ള അലി ഖമനേയി പകരം ചുമതലകളേൽപ്പിച്ചയാളായിരുന്നു അലി ലാറിജാനി. ഖമനേയി വധിക്കപ്പെട്ട് തൊട്ടടുത്ത മിനിട്ടുകളിൽ തന്നെ എതിരാളികൾ പോലും അമ്പരന്ന വിധം പ്രത്യാക്രമണം തൊടുക്കാൻ കഴിയും വിധം ഇറാനിൽ ആജ്ഞാ ശക്തിയുണ്ടായിരുന്നയാൾ. ഇറാന്റെ ആണവ നയത്തെയും ചർച്ചകളിലെ നിലപാടിനെയും കരുത്തുള്ളതാക്കി മിനുക്കിയെടുത്തയാൾ. എന്നാല്‍ അറബ് - ഇസ്ലാമിക ലോകം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് 24 മണിക്കൂർ തികയും മുൻപേ അലി ലാറിജാനിയെ ഇസ്രയേല്‍ കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ മകനും സുരക്ഷാ അസിസ്റ്റന്റും കൊല്ലപ്പെട്ടു. ബസിജ് കമാൻഡർ ഗുലാംറിസ സുലൈമാനിയും കൊല്ലപ്പെട്ടു. ഒരാൾക്ക് ചുറ്റും പടുത്തുയർത്തിയതല്ല ഇറാനെന്നാണ് ലാറിജാനിയുടെ മരണത്തോടെ ഇറാന്റെ അനൗദ്യോഗിത പ്രതികരണം.
ഇതോടൊപ്പമാണ് ഹോർമൂസ് കടലിടുക്കിനോട് ചേർന്ന ഇറാന്റെ മിസൈൽ കേന്ദ്രം അമേരിക്ക ആക്രമിച്ചത്. ഭൂമിക്കടിയിലെ ലക്ഷ്യങ്ങൾ തകർക്കാൻ 5000 പൗണ്ട് ബോംബുകൾ വർഷിച്ചെന്നാണ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടത്. തിരിച്ചടിയായി ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തത് കടുത്ത ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. ഇതിനിടയിൽ കഴിഞ്ഞ ദിവസം തീപ്പിടുത്തമുണ്ടായ യു.എസ്.എസ് ജെറാൾ ഫോർഡ് ഗ്രീക്ക് തീരത്തേക്ക് മടങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് രാജ്യങ്ങളിലും ഇറാന്റെ ആക്രമണം നടന്നു. യുഎഇയിൽ, ദുബായിലേക്ക് നടന്ന ആക്രമണങ്ങളെ എല്ലാം പ്രതിരോധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങളിൽ കൊല്ലപ്പട്ടവരുടെ പേരുകൾ യുഎഇ പുറത്തു വിട്ടു. സുരക്ഷ കണക്കിലെടുത്താണ് പെരുന്നാൾ പ്രാർത്ഥനകൾ പള്ളികൾക്കുള്ളിൽ മാത്രമാക്കി യു.എ.ഇയും ഖത്തറും ചുരുക്കിയത്. ഈദ് ഗാഹുകളും തുറന്ന സ്ഥലത്തെ പ്രാർത്ഥനകളും ഉണ്ടാകില്ല എന്നും അറിയിച്ചിട്ടുണ്ട്.



