ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് 'ആറാട്ട്'.
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ എല്ലാം തന്നെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം.
കളരി അടവിലുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ബ്ലാക്ക് ഷർട്ടും മുണ്ടുമാണ് വേഷം. കറുത്ത നിറത്തിലുള്ള വിന്‍റേജ് ബെന്‍സ് കാറും ചിത്രത്തിലുണ്ട്. പുറത്തുവിട്ടതിന് പിന്നാലെ മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്. മറ്റൊരു ആറാംതമ്പുരാൻ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
Aaraattu Official Poster
Posted by Mohanlal on Monday, 1 February 2021
'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു.
ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് 'ആറാട്ട്'. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.
