ബോളിവുഡില്‍ സിനിമ സംവിധാനം ചെയ്യാന്‍ ആഷിക് അബു. ആദ്യചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആണ് നായകന്‍. തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്‌കരനും. ഷാരൂഖിന്റെ മുംബൈ ബാന്ദ്രയിലെ വീടായ 'മന്നത്തി'ല്‍ സിനിമയെ സംബന്ധിച്ച് ചര്‍ച്ച നടന്നു. ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രവും ആഷിക് അബു ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവച്ചു.

ആഷിക് അബുവിന്റെ കഴിഞ്ഞ ചിത്രം 'വൈറസ്' കാണാനിടയായ ഷാരൂഖ് ഖാന്‍ അദ്ദേഹത്തെ ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു. ഷാരൂഖിനൊപ്പമുള്ള ചര്‍ച്ച രണ്ടര മണിക്കൂറോളം നീണ്ടെന്നും 2020 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ആഷിക് അബുവിനെ ഉദ്ധരിച്ച് ദി ക്യൂ റിപ്പോര്‍ട്ട് ചെയ്തു. മലയാളത്തില്‍ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ഷാരൂഖിനെ നായകനാക്കി ബോളിവുഡില്‍ ഒരുക്കുന്നതെന്നും ആഷിക് പ്രതികരിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

Thank you @iamsrk. We love you 😘

A post shared by Aashiq Abu (@aashiqabu) on Dec 11, 2019 at 9:50pm PST

കേരളത്തില്‍ വലിയ നിരൂപകശ്രദ്ധ നേടിയ 'വൈറസ്' ഓണ്‍ലൈന്‍ സ്ട്രീമിംഗിലൂടെ കേരളത്തിന് പുറത്തുള്ള പ്രേക്ഷകരിലേക്കും എത്തിയ ചിത്രമാണ്. ഫിലിം കമ്പാനിയന്‍ പിവിആറുമായി ചേര്‍ന്ന് മുംബൈയില്‍ സിനിമയുടെ പ്രത്യേക സ്‌ക്രീനിംഗും ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. ആഷികിനൊപ്പം പാര്‍വ്വതിയും റിമ കല്ലിങ്കലുമൊക്കെ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അതേസമയം രാജീവ് രവി, വേണു, ജെകെ എന്നിവര്‍ക്കൊപ്പം ഒരു ചലച്ചിത്രസമുച്ചയത്തിന്റെ ഭാഗമാവുകയി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ആഷികിന്റേതായി അടുത്ത് പുറത്തുവരാനുള്ളത്. ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കിയ ചിത്രത്തിന്റെ പേര് 'ചെറുക്കനും പെണ്ണും' എന്നാണ്. റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനുമാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.