തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം തുടരും 25ന് തിയേറ്ററുകളിൽ എത്തുകയാണ്.
തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം തുടരും 25ന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ അവസാനഭാഗത്തിന്റെ ചിത്രീകരണം മഴയത്തായിരുന്നെന്നും ആ സമയത്ത് മോഹൻലാലിന് കടുത്ത പനിയായിരുന്നെന്നും പറയുകയാണ് സിനിമോട്ടോഗ്രാഫറായ ഷാജി കുമാർ. അതിനെയൊന്നും വകവയ്ക്കാതെ മോഹൻലാൽ എന്ന നടൻ സിനിമയ്‌ക്കൊപ്പം നിന്നുവെന്നും ഷാജി കുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
ഷാജി കുമാറിന്റെ വാക്കുകൾ ഇങ്ങനെ
പനി സമയത്ത് ലാൽ സാർ ആറു ദിവസം മഴയത്ത് നിന്നു. അദ്ദേഹം ഒരിക്കലും തനിക്ക് സുഖമില്ലെന്ന് പറയാറില്ല. അത്രയും അടുത്ത് നിൽക്കുന്നവരോട് മാത്രമേ പറയാറുള്ളൂ. തുടരുവിന്റെ അവസാന സമയത്ത് മഴയത്ത് നിൽക്കുന്ന സീനുകളാണ് എടുക്കുന്നത്. ലാൽ സാറിന്റെ കൈയെല്ലാം കോച്ചി പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ലാൽ സാറിന്റെ അടുത്ത് നിൽക്കുമ്പോൾ തന്നെ എത്രത്തോളം പനിക്കുന്നുണ്ടെന്ന് മനസിലായി. ചൂട് വെള്ളം ചേർത്ത് ചെയ്യാം, ചൂട് വെള്ളത്തിൽ മുക്കാം എന്നൊക്കെ ഞാൻ പറഞ്ഞു നോക്കി. പക്ഷേ ലാൽ സാർ പറഞ്ഞത് ഒന്നും വേണ്ട എല്ലാവർക്കും ബുദ്ധിമുട്ടാവുമെന്നായിരുന്നു. അദ്ദേഹം അത്രയും പ്രഫഷണലായി സിനിമയെ കാണുന്ന ഒരാളാണ്. ഒരുപക്ഷേ അദ്ദേഹത്തിന് സുഖമില്ലെന്ന് പറഞ്ഞാൽ രണ്ടു ദിവസം ബ്രേക്ക് എടുക്കാം. എന്നാൽ, ഒപ്പമുള്ളവർക്ക് ബുദ്ധിമുട്ടാവുമെന്ന് അറിയാവുന്നത് കൊണ്ട് സാർ ഒരിക്കലും അങ്ങനെയുള്ള കാര്യങ്ങളൊന്നും ഷെയർ ചെയ്യാറില്ല. പുലിമുരുകന്റെ ഷൂട്ടിംഗ് സമയത്തും ക്ലൈമാക്സ് രംഗങ്ങളിലെ ആക്ഷൻ ചെയ്യുമ്പോഴും ലാൽ സാറിന് പനിയായിരുന്നു. അദ്ദേഹം അതൊന്നും പുറത്തു കാണിക്കാതെയാണ് അതെല്ലാം ചെയ്തത്. അത്രയും കമ്മിറ്റ് മെന്റുള്ള മനുഷ്യനാണ്. അത് തന്നെയാണ് അദ്ദേഹത്തെ ഇവിടുത്തെ മഹാനടനാക്കിയതും.

