സാമൂഹ്യമാധ്യമങ്ങളിലൂടെ സ്‍ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപം ഇപ്പോള്‍ പതിവാകാറുണ്ട്.  ഫോട്ടോകള്‍ക്ക് അശ്ലീല കമന്റിടുന്നവര്‍ക്ക് എതിരെ നടിമാര്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിട്ടുണ്ട്.  സ്‍ത്രീകളെ ആക്ഷേപിച്ച് അശ്ലീലം നിറഞ്ഞ യൂട്യൂബ് ചാനല്‍ കൈകകാര്യം ചെയ്‍ത ഡോ. വിജയ് പി  നായര്‍ക്ക് എതിരെയുള്ള പ്രതികരണമാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇയാളെ നേരിട്ടെത്തി കൈകാര്യം ചെയ്‍തിരിക്കുകയാണ്  ഭാഗ്യലക്ഷ്‍മിയും ദിയ സനയും. വിജയൻ നായരെ തല്ലുകയും ദേഹത്ത് കരി ഓയില്‍ ഒടിക്കുകയും ചെയ്‍തത്. അശ്ലീലം പറഞ്ഞവനെ മാപ്പുപറയിപ്പിച്ച സാന്ദ്ര തോമസിന്റെയും അപര്‍ണാ നായരുടെയുമൊക്കെ സംഭവങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ നേരിട്ടെത്തിയാണ്  ഭാഗ്യലക്ഷ്‍മിയുടെയും ദിയ സനയുടെയും  സഹികെട്ടിട്ടുള്ള പ്രതിഷേധം.

സ്‍ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോകള്‍ ഡോ. വിജയ് പി നായര്‍ പങ്കുവെച്ചിരുന്നു. കേരളത്തിലെ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു ഒരു വീഡിയോയിലെ പരാമര്‍ശങ്ങള്‍. ഇയാളെ നേരിട്ടെത്തി കൈകാര്യം ചെയ്യുകയായിരുന്നു ഭാഗ്യലക്ഷ്‍മിയും ദിയ സനയും. ഒരു സ്‍ത്രീക്കും നേരെ ഇത്തരം കാര്യങ്ങള്‍ പറയരുത് എന്ന് പറഞ്ഞായിരുന്നു ഇവര്‍ വിജയനെ മര്‍ദ്ദിച്ചത് ഇയാളെ കരി ഓയില്‍ പ്രയോഗം നടത്തിയ ശേഷം പലവട്ടം മുഖത്തടിക്കുകയും ചെയ്‍തു. ഒടുവില്‍ മാപ്പ് പറയിക്കുകയും യൂട്യൂബ് ചാനല്‍ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്‍തു.

അടുത്തകാലത്തുതന്നെ മോശം കമന്റിട്ട ആളെക്കൊണ്ട് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് മാപ്പുപറയിച്ചതും വാര്‍ത്തയായിരുന്നു. ശ്രദ്ധകിട്ടാൻ നഗ്നയായി വരാൻ കമന്റ് ഇട്ട ആളെക്കൊണ്ട് തെറ്റുതിരുത്തിക്കുകയായിരുന്നു സാന്ദ്ര. ഒരു പൊതുഗ്രൂപ്പിലായിരുന്നു അശ്ലീല കമന്റുമായി ഇയാള്‍ എത്തിയത്. പെണ്‍കുട്ടിയുടെ അച്ഛനായ അയാള്‍ അത്തരത്തില്‍ സംസാരിച്ചതില്‍ അയാളുടെ കുടുംബത്തെ ഓര്‍ത്ത് ദുഖിക്കുന്നുവെന്ന് സാന്ദ്ര കമന്റിട്ടയാളോട് പറയുകയായിരുന്നു. ക്ഷമ പറഞ്ഞ അയാള്‍ ഇനി താൻ ആരോടും ഇങ്ങനെ ചെയ്യില്ല എന്നും പറഞ്ഞു. സൈബര്‍ ബുള്ളിംഗിനെതിരെ സംഗീത സംവിധായകൻ കൈലാസ് മേനോനും സംഭവത്തെ തുടര്‍ന്ന് പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇത്തരം കമന്റുകള്‍ ഇടുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യം, എല്ലാവരും ഒരുപക്ഷെ ഇത്ര മൃദുവായ സമീപനം എടുത്തുവെന്നു വരില്ല. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടേല്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പില്‍ ഫേമസ് ആവാം എന്നായിരുന്നു. സാന്ദ്രയ്‌ക്കെതിരെ അശ്ലീല കമന്റിട്ട വ്യക്തിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചായിരുന്നു കൈലാസ് മേനോന്റെ പ്രതികരണം.

നടി അപര്‍ണാ നായരും അടുത്തകാലത്താണ് ഇത്തരം കമന്റിനെതിരെ രൂക്ഷമായി രംഗത്ത് എത്തിയത്. അപര്‍ണ നായര്‍ ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് ഒരാള്‍ അശ്ലീല കമന്റ് എഴുതുകയായിരുന്നു. കമന്റിനെ കുറിച്ച് അപര്‍ണ നായര്‍ തന്നെയാണ് ആദ്യം ഫേസ്‍ബുക്കിലൂടെ അറിയിച്ചത്. പരാതി നല്‍കുകയും ചെയ്‍തു. സൈബര്‍ സെല്ലില്‍ നിന്ന് വിളിച്ച് പോയപ്പോഴുള്ള അനുഭവവും കമന്റ് ഇട്ട ആള്‍ നല്‍കിയ വിശദീകരണവും അപര്‍ണ നായര്‍ പറഞ്ഞിരുന്നു.

എനിക്ക് ആകെ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്‍റ് ചെയ്‍തു എന്ന് മാത്രമായിരുന്നു. സോഷ്യൽ മീഡിയയിൽ രാഷ്‍ട്രീയപരമായ കമന്‍റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയിൽ കമന്‍റ് ചെയ്‍തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി, എന്താല്ലേ. എന്തായാലും  പ്രസ്‍തുത വ്യക്തിയുടെ കുടുംബത്തെയും അദ്ദേഹത്തിന്‍റെ സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് എന്‍റെ പരാതി ഞാൻ പിൻവലിച്ചിരിക്കുകയാണ്. അതോടൊപ്പം മറ്റൊരു സ്‍ത്രീയോടും ഈ രീതിയിൽ പെരുമാറില്ല എന്ന ഉറപ്പും അധികാരികളുടെ മുന്നിൽ വെച്ച് എഴുതി വാങ്ങിയെന്നും അപര്‍ണ നായര്‍ അറിയിച്ചിരുന്നു. അജിത്തിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്‍തതാകാം എന്നഭിപ്രായപ്പെട്ട സുഹൃത്തുക്കളുടെ അറിവിലേക്ക്, അത് അയാളുടെ മനഃപൂർവ്വമായ പ്രവർത്തി ആയിരുന്നുവെന്നും അപര്‍ണ നായര്‍ വ്യക്തമാക്കിയിരുന്നു.

സ്‍ത്രീകളോട് മാപ്പുപറഞ്ഞുവെന്ന് ഇപോള്‍ ഡോ. വിജയ് പി നായരും വ്യക്തമാക്കിയിട്ടുണ്ട്. സ്‍ത്രീകളുടെ കയ്യേറ്റത്തില്‍ തനിക്ക് പരാതിയില്ലെന്ന് വിജയ് പറഞ്ഞു. ആക്രമിച്ചത് അവരുടെ വൈകാരിക പ്രകടനമാണെന്നും താൻ  സ്‍ത്രീകളോട് മാപ്പ് പറഞ്ഞുവെന്നുമാണ് വിജയ് പി നായർ പ്രതികരിച്ചത്.