'ലൂസിഫര്‍' റീമേക്കിനു മുന്‍പ് എത്തേണ്ട ചിരഞ്ജീവി ചിത്രം

രാജ്യത്ത് കൊവിഡ് കേസുകള്‍ ദിവസേന വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സിനിമാ വ്യവസായവും പ്രതിസന്ധി നേരിടുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനനുസരിച്ച് പല ചിത്രങ്ങളും റിലീസ് തീയതി നീട്ടിയിരുന്നു. ആ നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുകയാണ് ചിരഞ്ജീവി (Chiranjeevi) നായകനായ ബിഗ് ബജറ്റ് തെലുങ്ക് ചിത്രം 'ആചാര്യ' (Acharya). ചിരഞ്ജീവിയെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്‍ത സോഷ്യല്‍ ഡ്രാമ ചിത്രത്തിന്‍റെ നേരത്തെ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി ഫെബ്രുവര് 4 ആയിരുന്നു. ഈ തീയതിയാണ് നീട്ടിയിരിക്കുന്നതായി നിര്‍മ്മാതാക്കളായ കോനിഡെല പ്രൊഡക്ഷന്‍ കമ്പനി അറിയിച്ചിരിക്കുന്നത്.

'ലൂസിഫര്‍' റീമേക്ക് ആയ 'ഗോഡ്‍ഫാദറി'നു മുന്‍പ് ചിരഞ്ജീവിയുടേതായി തിയറ്ററുകളിലെത്തുന്ന ചിത്രമാണ് ആചാര്യ. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ രാം ചരണ്‍, പൂജ ഹെഗ്‍ഡെ, കാജല്‍ അഗര്‍വാള്‍, സോനു സൂദ്, ജിഷു സെന്‍ഗുപ്‍ത, സൗരവ് ലോകേഷ്, കിഷോര്‍, പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത കൃഷ്‍, റെഗിന കസാന്‍ഡ്ര തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കോനിഡെല പ്രൊഡക്ഷന്‍ കമ്പനിക്കൊപ്പം മാറ്റിനി എന്‍റര്‍ടെയ്‍ന്‍‍മെന്‍റും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം തിരു, എഡിറ്റിംഗ് നവീന്‍ നൂലി. 

Scroll to load tweet…

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിലീസ് നീട്ടിവച്ച വന്‍ ചിത്രങ്ങളില്‍ എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' അടക്കമുണ്ട്. ജനുവരി 7ന് തിയറ്ററുകളില്‍ എത്താനിരുന്ന ചിത്രത്തിനുവേണ്ടി പ്രീ-റിലീസ് പബ്ലിസിറ്റിയൊക്കെ നടത്തിയിരുന്നെങ്കിലും റിലീസ് ദിനത്തിന് അടുപ്പിച്ച് തീയതി മാറ്റുകയാണെന്ന് അറിയിക്കുകയായിരുന്നു. പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം 'രാധേ ശ്യാ'മും റിലീസ് നീട്ടിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുന്നു.