ഒന്നര വര്‍ഷം മുമ്പ് നടത്തിയ സ്വകാര്യ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത് ആരാണെന്ന് അറിയാമെന്ന് നടന്‍ ബാല. ഇത്തരം സില്ലി കാര്യങ്ങള്‍ക്ക് പിന്നാലെ നടക്കുന്നതല്ല, എന്‍റെ ജീവിതമെന്നും ബാല പറഞ്ഞു. ഒരു പ്രമുഖ നിര്‍മാതാവിന്‍റെ ഭാര്യയുടെയും ബാലയുടെയും ഫോണ്‍കോള്‍ ശബ്ദരേഖയാണ് പുറത്തുവന്നത്. ഇരുവരുടെയും വ്യക്തിപരമായ വിവാദങ്ങള്‍ ചര്‍ച്ചചെയ്യുന്ന ശബ്ദരേഖ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

പുതിയ സിനിമകളെ കുറിച്ചാണ് ബാല ആദ്യം സംസാരിച്ചത്. രജിനീകാന്ത് നായകനാകുന്ന അണ്ണാത്തൈയില്‍ ഞാനുമുണ്ട്. എന്‍റെ സഹോദരന്‍ ശിവയാണ് സംവിധാനം ചെയ്യുന്നത്. ഏറെ ആരാധിക്കുന്ന മമ്മൂട്ടിയുടെ ബിഗ് ബി രണ്ടില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. അിതിന്‍റെ ഭാഗമായാണ് ബോഡി ബില്‍ഡിങ്ങുമൊക്കെയായി മുന്നോട്ട് പോകുന്നത്. കൂടാതെ നല്ല കാര്യങ്ങളും 2020ല്‍ നടന്നുക്കട്ടെയെന്ന് ബാല പറഞ്ഞു.

തുടര്‍ന്ന് താനുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ബാല പറഞ്ഞുതുടങ്ങി. 'ഇന്നു രാവിലെ മുതല്‍ എനിക്ക് ഫോണ്‍കോളുകളൊക്കെ വരുന്നുണ്ട്. വ്യക്തി ജീവിതത്തെക്കുറിച്ച് ഞാന്‍ നേരത്തേ പറഞ്ഞതാണ്. നാലഞ്ച് മാസം മുമ്പ് എന്റെ ഡിവോഴ്സൊക്കെ കഴിഞ്ഞതാണ്. നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ ആവശ്യമില്ലാത്ത ഒരു വിവാദം ഉണ്ടായിരിക്കുകയാണിപ്പോള്‍. ഒരു കേസ് നടക്കുമ്പോള്‍  കോള്‍ റെക്കോര്‍ഡിങുകള്‍ ഉണ്ടാകും. എല്ലാവരും സ്വയം സുരക്ഷയ്ക്കായി ചെയ്യുന്നതാണത്. 

പക്ഷെ ഒന്നൊന്നര വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍   ഇപ്പോള്‍ എന്തിന് പുറത്തുവരുന്നു എന്നെനിക്ക് മനസിലാകുന്നില്ല. അത് മനസിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. പക്ഷെ എന്റെ വിഐപി സുഹൃത്തുക്കളെ തിരഞ്ഞുപിടിച്ച്  വിളിച്ച് പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. ഇതെല്ലാം വേദനിപ്പിക്കുന്നതാണ്.  എനിക്ക് വേണമെങ്കില്‍ പൊലീസ് പരാതി കൊടുക്കാമായിരുന്നു, പക്ഷേ അതിന്‍റെ പിന്നാലെ നടക്കുന്നതല്ല എന്‍റെ ജീവിതം. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ടുപോവാനുള്ള രീതിയില്‍ ആണ് മുന്നോട്ട് പോകുന്നത്. സില്ലിയാ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാം പക്ഷെ ഇത് ഇനി വേണ്ട, അവര്‍ക്കും നല്ലത് തന്നെ വരട്ടെ' ബാല പറഞ്ഞു.