നടിക്ക് പലഹാരങ്ങളും ബിനീഷ് കൊണ്ടുവന്നിരുന്നു.
ബിനീഷ് ബാസ്റ്റിൻ എന്ന പേര് ഇന്ന് ഭൂരിഭാഗം മലയാളികൾക്കും സുപരിചിതമാണ്. ടീമേ എന്ന് വിളിച്ച് കൊണ്ടെത്തുന്ന ഒരു കൂട്ടം ആരാധകരും ബിനീഷിനുണ്ട്. നൂറിലധികം സിനിമകളിൽ ബിനീഷ് ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലുമായും താരം സജീവമാണ്. അടുത്തിടെയായിരുന്നു ബിനീഷിന്റെ മനസമ്മതം. അടൂര്‍ സ്വദേശിനി താരയാണ് വധു. മനസമ്മതത്തിന്റെ വിശേഷങ്ങൾ ബിനീഷ് വ്ളോഗിലൂടെ പങ്കുവെച്ചിരുന്നു. നടിയും താൻ ഏറെ അടുപ്പം സൂക്ഷിക്കുന്നയാളുമായ മോളി കണ്ണമ്മാലിയെ വിവാഹം ക്ഷണിക്കാൻ പോയതിന്റെ വിശേഷങ്ങളാണ് ബിനീഷ് ഏറ്റവും പുതിയ വ്ളോഗിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മച്ചിയെപ്പോലെ എന്റെ കല്യാണം നടക്കാൻ ആഗ്രഹിച്ചയാൾ എന്നാണ് വീഡിയോയ്ക്ക് ബിനീഷ് തലക്കെട്ട് നൽകിയിരിക്കുന്നതു തന്നെ.
''കണ്ണമാലിയിൽ ഒരാളെയുള്ളു ഫെയ്‍മസ്... അത് നമ്മുടെ മോളി കണ്ണമാലി ചേച്ചിയാണ്. എന്റെ ഏറ്റവും അടുത്ത ഫ്രണ്ടാണ്. കടലും പുഴയും യോജിക്കുന്ന പ്രദേശത്താണ് മോളി ചേച്ചി താമസിക്കുന്നത്. വീടിന് അടുത്ത് കടലാണ്. എന്നിരുന്നാലും അടിപൊളി സ്ഥലമാണ്. ഒരു ഇല ചോറ് തരണമെന്ന് മോളി ചേച്ചി എന്നോട് പറഞ്ഞിട്ട് ഒരുപാട് നാളായി. ചോറല്ല ബിരിയാണി തന്നെ കൊടുത്ത് കളയാം'', എന്നു പറഞ്ഞാണ് ബിനീഷ് മോളി കണ്ണമ്മാലിയുടെ വീട്ടിലേക്ക് എത്തുന്നത്. നടിക്ക് പലഹാരങ്ങളും ബിനീഷ് കൊണ്ടുവന്നിരുന്നു.
''ബിനീഷിന്റെ കല്യാണമായതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എന്നെപ്പോലെ തന്നെയാണ് ബിനീഷിന്റെ അമ്മയും. ഒരു വ്യത്യാസവുമില്ല. മക്കൾക്ക് വേണ്ടി ജീവിക്കുന്ന അമ്മയാണ്. ഒരില ചോറ് നീ എനിക്ക് എപ്പോഴാണ് തരുന്നതെന്ന് എപ്പോഴും ഞാൻ ബിനീഷിനോട് ചോദിക്കാറുണ്ട്. ചാകുമ്പോഴെങ്കിലും തരുമോ എന്നു വരെ ചോദിച്ചിട്ടുണ്ട്'', എന്നാണ് മോളി കണ്ണമ്മാലി വീഡിയോയിൽ പറഞ്ഞു.
ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചപ്പോൾ, ''ഞാൻ സുഖമായി ഇരിക്കുന്നു. അടുത്തിടെ തിരുവനന്തപുരത്ത് ഒരു നാടകമുണ്ടായിരുന്നു. അതു കഴിഞ്ഞ് വന്നശേഷം ചെറിയ പനിയൊക്കെ പിടിച്ചിരുന്നു. ഇപ്പോൾ കുഴപ്പമൊന്നുമില്ല. ചവിട്ടുനാടകവും ചെയ്യാൻ തുടങ്ങി'', എന്നായിരുന്നു മോളി കണ്ണമ്മാലിയുടെ മറുപടി.
