Asianet News MalayalamAsianet News Malayalam

വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച പ്രതിപക്ഷത്തിന് സല്യൂട്ടുമായി നടൻ ജോയ് മാത്യു

അലനെയും താഹയെയും എൻഐഎ വിട്ടു തരും എന്ന് കത്തെഴുതിയ ആള്‍ക്ക് പോലും ഉറപ്പുണ്ടാവില്ല. പക്ഷെ പേടിച്ചു പോയ സ്വന്തം പാര്‍ട്ടിയിലെ കുട്ടികളുടെ കണ്ണില്‍ പൊടിയിടാന്‍ ഇത് കൊണ്ട് സാധിക്കുമെന്നും ജോയ് മാത്യു പറഞ്ഞു. 

actor Joy Mathew salutes to Kerala opposition
Author
Kozhikode, First Published Feb 6, 2020, 2:44 PM IST

കോഴിക്കോട്: അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികള്‍ എന്ത് രാജ്യദ്രോഹമാണ് ചെയ്തത് എന്ന് ഉശിരോടെ നിയമസഭയില്‍ ചോദിച്ച് വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച കേരളത്തിലെ പ്രതിപക്ഷത്തിന് സല്യൂട്ടുമായി സംവിധായകനും നടനുമായ ജോയ് മാത്യു. പ്രതിപക്ഷം ഉണര്‍ന്നിരിക്കുന്ന കാലത്തോളം ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ല എന്ന് ഒറ്റദിവസം കൊണ്ട് തെളിഞ്ഞെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വകുപ്പുകൾ വായിച്ചു മുഖ്യമന്ത്രിയെ ബോധവൽക്കരിക്കാൻ ശ്രമിച്ച ഡോ മുനീറിനോട് "ഞാൻ അമിത് ഷായോട് ചോദിക്കണോ " എന്ന് രോഷം കൊള്ളുകയാണ് ചെയ്തത്. 'അല്ല സാര്‍ ഒരു സംശയം, കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് അമിത് ഷാ അദ്ദേഹത്തോട് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്‌' എന്നും ജോയ് മാത്യു ചോദിക്കുന്നു. അലനെയും താഹയെയും എൻഐഎ വിട്ടു തരും എന്ന് കത്തെഴുതിയ ആള്‍ക്ക് പോലും ഉറപ്പുണ്ടാവില്ല. പക്ഷെ പേടിച്ചു പോയ സ്വന്തം പാര്‍ട്ടിയിലെ കുട്ടികളുടെ കണ്ണില്‍ പൊടിയിടാന്‍ ഇത് കൊണ്ട് സാധിക്കുമെന്നും ജോയ് മാത്യു പറഞ്ഞു.

‍ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മുഖ്യമന്ത്രിയെ തിരുത്തിയ പ്രതിപക്ഷം. പത്തൊൻപതും ഇരുപതും വയസ്സുള്ള അലൻ -താഹ എന്നീ വിദ്യാർത്ഥികൾ എന്ത് രാജ്യദ്രോഹമാണ് ചെയ്തത് എന്ന് ഉശിരോടെ നിയമസഭയിൽ ചോദിച്ചു വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച കേരളത്തിലെ പ്രതിപക്ഷത്തിന് സല്യൂട്ട്.
പ്രതിപക്ഷം ഉണർന്നിരിക്കുന്ന കാലത്തോളം ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റാൻ ഒരു ഭരണാധികാരിക്കും കഴിയില്ല എന്ന് ഒറ്റദിവസം കൊണ്ട് തെളിഞ്ഞു.

സ്വന്തം മക്കളെ സമരമുഖങ്ങളിലൊന്നും നിർത്താതെ സുരക്ഷിതമായ ഇടങ്ങളിൽ കൊണ്ടിരുത്തി സാധാരണക്കാരായ വിദ്യാർത്ഥികളെ പോലീസിന്റെ ലാത്തിക്കും ജലപീരങ്കിക്കും ചിലപ്പോഴെല്ലാം വെടിയുണ്ടകൾക്കും മുന്നിലേക്ക് നിർത്തി പിൻവാതിലിലൂടെ അധികാരസ്ഥാനത്ത് അമർന്നിരിക്കാൻ തിടുക്കപ്പെടുന്ന വിപ്ലവകാരികൾ (!)ഭരിക്കുന്ന നാടാണത്രെ കേരളം.

അലനും താഹയും എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിക്കുന്ന പ്രതിപക്ഷ നേതാക്കളായ രമേശ് ചെന്നിത്തലയോടും എം കെ മുനീറിനോടും ധീരൻ ഇരട്ട ചങ്കൻ എന്ന് ജനം മക്കാറാക്കി വിളിക്കുന്ന മുഖ്യമന്ത്രി ചോദിച്ചത് ഈ കുട്ടികൾക്ക് വേണ്ടി ഞാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കാലു പിടിക്കണമോ എന്നാണ്. വേണ്ട സാർ അങ്ങയുടെ പാർട്ടിക്ക് വേണ്ടി സർവ്വവും സമർപ്പിച്ച കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട സാവിത്രി ടീച്ചറുടെ പേരക്കുട്ടിയാണ് അലൻ, അമ്മൂമ്മ വായിച്ച മാർക്സിസ്റ്റ് പുസ്തകങ്ങൾ തന്നെയാണ് അലനും വായിച്ചത് ചിലപ്പോൾ അതിൽ കൂടുതലും. അതൊരു തെറ്റാണോ?.

വകുപ്പുകൾ വായിച്ചു മുഖ്യമന്ത്രിയെ ബോധവൽക്കരിക്കാൻ ശ്രമിച്ച ഡോ മുനീറിനോട് "ഞാൻ അമിത് ഷായോട് ചോദിക്കണോ " എന്ന് രോഷം കൊള്ളുകയാണ് നമ്മുടെ മുഖ്യൻ ചെയ്തത്. അല്ല സാർ ഒരു സംശയം, കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് അമിത് ഷാ അദ്ദേഹത്തോട് ചോദിക്കുന്നതിൽ എന്താണ് തെറ്റ്?.

ചെക്ക് കേസിൽ അജ്‌മാൻ ജയിലിൽ കിടക്കേണ്ടിവന്ന ബിജെപി കൂട്ടാളിയായ തുഷാർ വെള്ളാപ്പള്ളിയെ രക്ഷിക്കണം എന്ന് പറഞ്ഞു കത്തെഴുതിയ ആളാണ് താങ്കൾ. ചിലപ്പോൾ അത് മതിൽ പണിക്ക് കൂട്ടുനിന്ന ആളുടെ മകനോടുള്ള ദയാവായ്പ് ആയിരിക്കാം. അതിലും പ്രധാനപ്പെട്ടതല്ലേ സാർ അങ്ങയുടെ പാർട്ടിക്ക് വേണ്ടി ജയ് വിളിച്ചു നടക്കുന്ന രണ്ട് കുട്ടികളുടെ കാര്യം?

പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോൾ ഞായം പറഞ്ഞു ആശ്രിതരുടെ കൈയ്യടി വാങ്ങിയെങ്കിലും സൂര്യൻ അസ്തമിക്കും മുൻപേ കുട്ടികളെ തിരിച്ചു തരൂ എന്ന് മൂപ്പർ അമിത് ഷായ്ക്ക് കത്തെഴുതി. അലനെയും താഹയെയും NIA വിട്ടു തരും എന്ന് കത്തെഴുതിയ ആൾക്ക് പോലും ഉറപ്പുണ്ടാവില്ല പക്ഷെ പേടിച്ചു പോയ സ്വന്തം പാർട്ടിയിലെ കുട്ടികളുടെ കണ്ണിൽ പൊടിയിടാൻ ഇത് കൊണ്ട് സാധിക്കും. എന്തായാലും മുഖ്യമന്ത്രിയെ മുട്ട് കുത്തിച്ച പ്രതിപക്ഷത്തിന്റെ നിശ്ചയനും ജനാധിപത്യ ബോധത്തിനും അഭിവാദ്യങ്ങൾ.

 

 

 

 

Follow Us:
Download App:
  • android
  • ios