ചെന്നൈയില്‍ മക്കള്‍ നീതി മയ്യത്തിന്‍റെ പരിപാടിയില്‍ കമല്‍ഹാസന് വാള്‍ സമ്മാനമായി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ നടന്‍ കോപാകുലനായി. 

ചെന്നൈ: കമല്‍ഹാസന്‍റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന്‍റെ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടന്ന നാടകീയ സംഭവത്തിന്‍റെ വീഡിയോ വൈറലാകുന്നത്. ചടങ്ങില്‍ ഒരു പാര്‍ട്ടി അംഗം കമലിന് വാള്‍ സമ്മാനമായി നല്‍കാന്‍ ശ്രമിച്ചതാണ് നടനെ കോപാകുലനാക്കുകയും, നടകീയ സംഭവത്തിന് വഴിവയ്ക്കുകയും ചെയ്തത്.

സംഭവത്തിന്‍റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. കമൽഹാസൻ വീഡിയോയില്‍ വാള്‍ സമ്മാനിക്കാന്‍ ശ്രമിച്ചയാളെ രൂക്ഷമായി ശാസിക്കുന്നത് കാണാം. വാള്‍ സമ്മാനിച്ച വ്യക്തി ആരാണെന്ന് വ്യക്തമല്ല. അതേ സമയം കുറച്ച് ദിവസം മുന്‍പ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കമല്‍ഹാസന്‍ അതിന്‍റെ ഭാഗമായാണ് പാര്‍ട്ടി യോഗം വിളിച്ചത്.

യോഗത്തില്‍ ആരാധകരെ കണ്ട് ഫോട്ടോയെടുക്കുന്നതിനിടെയാണ് വാളുമായി മൂന്നുപേര്‍ വന്നത്. വാള്‍ സ്വീകരിക്കാനും ഉയര്‍ത്താനും കമല്‍ വിസമ്മതിച്ചപ്പോള്‍ അതുമായി വന്നയാള്‍ നിര്‍ബന്ധപൂര്‍വ്വം കമലിനെ അത് പിടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ കമല്‍ ദേഷ്യപ്പെടുന്നതും. വാള്‍ മുന്നില്‍ വയ്ക്കാന്‍ പറയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ഒരു പൊലീസ് ഓഫീസറുടെ ഇടപെടലും കാണാം. അതേ സമയം വാള്‍ കമലിന് മുന്നില്‍ വയ്ക്കുന്നുണ്ട് ഈ സംഘം. അത് അവിടെ വയ്ക്കണം, അത് കയ്യിലൊന്നും പിടിക്കാന്‍ പാടില്ലെന്ന് കമല്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാം. അതേ സമയം പിന്നീട് വാള്‍ സമ്മാനിച്ച വ്യക്തിക്കൊപ്പം ഫോട്ടെയെടുക്കാനും, ചിരിച്ച് കൈകൊടുക്കാനും കമല്‍ തയ്യാറാകുന്നുണ്ട്.

അതേ സമയം ജൂൺ 13-നാണ് കമല്‍ തമിഴ്നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ചെന്നൈ സെക്രട്ടേറിയറ്റിൽ വെച്ച് റിട്ടേണിങ് ഓഫീസർ ബി. സുബ്രഹ്മണ്യം അദ്ദേഹത്തിന് വിജയ സർട്ടിഫിക്കറ്റ് കൈമാറി. ചടങ്ങില്‍ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും എത്തിയിരുന്നു.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈക്കെതിരെ കോയമ്പത്തൂരിൽ മത്സരിക്കാൻ കമൽ ഹാസന്‍ തയ്യാറെടുത്തിരുന്നു. എന്നാൽ ഡി.എം.കെ രാജ്യസഭ സീറ്റ് വാഗ്ദാനം നല്‍കിയതോടെ കമൽ മത്സരത്തിൽ നിന്ന് പിന്മാറി. ഇതിന്റെ ഫലമായി, 2025 ജൂലൈയിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ഡി.എം.കെ കമലിന് നല്‍കുകയായിരുന്നു.