ഒൻപതാം ദിവസമായ ശനിയാഴ്ചയും തുടരുവിന് മികച്ച കളക്ഷനാണ് ലഭിച്ചിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിനെ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച രീതിയിൽ സ്ക്രീനിൽ കണ്ടൊരു സിനിമയാണ് 'തുടരും'. ടാക്സി ഡ്രൈവറായ ഷൺമുഖനായി മോഹൻലാൽ ബിഗ് സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു 'ഇതാണ് ഞങ്ങളുടെ ലാലേട്ടൻ'. മൗത്ത് പബ്ലിസിറ്റി അടക്കം നേടി തിയറ്ററുകളിലും ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ച് തുടരും മുന്നേറുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ തമിഴ് വെർഷൻ റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
മലയാളത്തിൽ തുടരും എന്നാണ് സിനിമയുടെ പേരെങ്കിൽ തമിഴിലത് തൊടരും എന്നാണ്. ചിത്രം മെയ് 9 മുതൽ തിമിഴ് സിനിമാസ്വാദകർക്ക് മുന്നിലെത്തും. റിലീസ് വിവരം പങ്കുവച്ചുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്. ഷൺമുഖനെയും കുടുംബത്തേയും തമിഴ് മക്കൾ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും എന്നാണ് ഇവർ പറയുന്നത്. ഇതിനിടെ ഹിന്ദി പതിപ്പ് ഇറക്കണമെന്ന് ആവശ്യപ്പെടുന്നവരും ധാരാളമാണ്.
അതേസമയം, തുടരും റിലീസ് ചെയ്തിട്ട് പത്ത് ദിവസം ആയിരിക്കുകയാണ്. ഇതിനകം 100 കോടി ക്ലബ്ബിലടക്കം ചിത്രം കയറി കഴിഞ്ഞു. ഒൻപതാം ദിവസമായ ശനിയാഴ്ചയും തുടരുവിന് മികച്ച കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആറ് കോടിയാണ് അവധി ദിവസമായ ഇന്നതെ ചിത്രം നേടിയത്. ഇത് മുൻകൂട്ടിയുള്ള കണക്കാണ്. വരും മണിക്കൂറുകളിൽ അങ്ങോട്ടോ ഇങ്ങോട്ടോ വ്യത്യാസം കളക്ഷനിൽ ഉണ്ടായേക്കാം. 15 വർഷത്തിന് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രം നിർമിച്ചത് രജപുത്ര വിഷ്വൽ മീഡിയ ആണ്. ഏപ്രിൽ 25ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, നന്ദു, ഇർഷാദ്, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ, പ്രകാശ് വർമ്മ, അരവിന്ദ് തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരന്നിരുന്നു.


