ആഗോളതലത്തിൽ 183 കോടി രൂപ തുടരും നേടിയെന്നാണ് റിപ്പോർട്ടുകൾ.
ഒരിടവേളയ്ക്ക് ശേഷം സാധാരണക്കാരനായി മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമാണ് തുടരും. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തുടരും തിയറ്ററിലെത്തിയപ്പോൾ ആരാധകർ ഒന്നടങ്കം പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ലാലേട്ടൻ'. മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടി മുന്നേറുന്ന ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നതും. ഈ അവസരത്തിൽ തുടരും ഇന്ന് മുതൽ തമിഴ്നാട്ടിലും റിലീസ് ചെയ്തിരിക്കുകയാണ്. തൊടരും എന്നാണ് പേര്.
കേരളത്തിലേത് പോലെ തന്നെ തമിഴ്നാട്ടിലും പ്രേക്ഷകർ തുടരും ഏറ്റെടുത്തുവെന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മോഹൻലാൽ എപ്പോഴും മികച്ച നടനാണെന്നും മുടക്കിയ പൈസ മുതലായെന്നും തമിഴ് സിനിമാസ്വാദകർ ഒരേ സ്വരത്തിൽ പറയുന്നുണ്ട്. കുടുംബവുമായി കാണാൻ പറ്റിയൊരു സിനിമയാണ് തൊടരും. എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും എന്നാൽ മോഹൻലാലിന്റെ അഭിനയം ഞെട്ടിച്ചുവെന്നും ഇവർ പറയുന്നുണ്ട്.
"പളയ മോഹൻലാല പാക്ക മുടിഞ്ചത്. അവങ്ക വേറെ ലെവലാ പണ്ണിറക്കാറ്. സമ്മ ഇൻട്രസ്റ്റിങ്ങാന സ്റ്റോറിതാ. ക്ലൈമാക്സ് എല്ലാം സമ്മയാ ഇരുന്തത്. പടത്തെ സൂപ്പറാ എടുത്തിരിക്ക് തരുൺ(തുടരുമിലൂടെ പഴയ മോഹൻലാലിനെ കാണാൻ പറ്റി. വേറെ ലെവലായിട്ട് അഭിനയിച്ച് വച്ചിട്ടുണ്ട്. ഇൻട്രസ്റ്റിങ്ങായിട്ടുള്ള കഥ. ക്ലൈമാക്സ് എല്ലാം അതി ഗംഭീരം. തരുൺ മൂർത്തി നല്ല രീതിയിൽ സിനിമ എടുത്തിട്ടുണ്ട്)", എന്നായിരുന്നു ഒരു തമിഴ് പ്രേക്ഷകന്റെ പ്രതികരണം.
അതേസമയം, ആഗോളതലത്തിൽ 183 കോടി രൂപ തുടരും നേടിയെന്നാണ് റിപ്പോർട്ടുകൾ. വൈകാതെ 200 കോടി തൊടുമെന്നും വിലയിരുത്തലുണ്ട്. തമിഴിൽ കൂടി സിനിമ റിലീസ് ചെയ്തതോടെ കളക്ഷനിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


