ശ്രീലങ്കന്‍ പാര്‍ലമെന്‍റിലെത്തി നടന്‍ മോഹന്‍ലാല്‍. 

രിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് നിലവിൽ ശ്രീലങ്കയിൽ പുരോ​ഗമിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രീകരണത്തിനായി മോഹൻലാൽ വീണ്ടും ശ്രീലങ്കയിൽ എത്തുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ ഇവിടെ നിന്നുമുള്ളൊരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ശ്രീലങ്കൻ മാധ്യമങ്ങൾ.

ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാൽ എത്തിയ വീഡിയോ ആണിത്. സഭ നടക്കുന്നതിനിടെ ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കറായ ഡോ. റിസ്വി സാലിഹ് മോഹൻലാലിനെ സ്വാ​ഗതം ചെയ്യുന്നത് വീഡിയോയിൽ കാണാം. "ഇന്ത്യൻ ഫിലിം ആക്ടറും സംവിധായകനുമായ പദ്മശ്രീ, പദ്മഭൂഷൺ, ഡോ. മോഹൻലാൽ വിശ്വനാഥൻ ശ്രീലങ്കൻ പാർലമെന്റിൽ എത്തിയിട്ടുണ്ട്. ആശംസകൾ അറിയിക്കുന്നതിനൊപ്പം ശ്രീലങ്കയിലേക്ക് അദ്ദേഹത്തെ സ്വാ​ഗതവും ചെയ്യുകയാണ്", എന്നാണ് സ്പീക്കർ പറഞ്ഞത്. പിന്നാലെ വിനയാന്വിതനായി തൊഴു കൈകളോടെ മോഹൻലാൽ ​ഗ്യാലറിയിൽ എഴുന്നേറ്റ് നിൽക്കുന്നുമുണ്ട്.

Scroll to load tweet…

വന്‍ ബജറ്റിലും ക്യാന്‍വാസിലും ഒരുങ്ങുന്ന ചിത്രമാണ് മഹേഷ് നാരായണന്‍റേത്. മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളാകുന്നു എന്നത് തന്നെയാണ് പടത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍, ഗ്രേസ് ആന്‍റണി, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നതും. 

അതേസമയം, കണ്ണപ്പ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചു നായകനായി എത്തുന്ന ഈ തെലുങ്ക് ചിത്രം ജൂണ്‍ 27ന് തിയറ്ററുകളില്‍ എത്തും. അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങി വന്‍ താരനിര കണ്ണപ്പയില്‍ അണിനിരക്കുന്നുണ്ട്. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്