ബിഗ് ബോസിനെ കുറിച്ച് റെനീഷ,
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ശ്രദ്ധിക്കപ്പെട്ട മൽസരാർത്ഥികളിൽ ഒരാളായിരുന്നു റെനീഷ റഹ്മാൻ. റെനീഷയുടെ നാഗവല്ലിയെ 'ബിഗ്ബോസ്' പ്രേക്ഷകരാരും മറക്കാനിടയില്ല. അതിനു മുൻപും മിനിസ്ക്രീൻ പരമ്പരകളിലൂടെയും താരം പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ഇപ്പോളിതാ ബിഗ്ബോസ് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് റെനീഷ. സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ബിഗ്ബോസിൽ പങ്കെടുത്തതിനു ശേഷം കരിയറിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചതായും കൂടുതൽ ആളുകളിലേക്ക് എത്താൻ കഴിഞ്ഞതായും റെനീഷ പറയുന്നു. ''ബിഗ് ബോസിനുശേഷം ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായി എനിക്ക് തോന്നിയിട്ടില്ല. കുറേ നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അത് വലിയ മാറ്റമാണ് എന്നൊന്നും പറയാനാകില്ല. സീരിയൽ ചെയ്തിരുന്ന സമയത്ത് സീരിയൽ പ്രേക്ഷകരായ അമ്മമാരും ചേച്ചിമാരുമായിരുന്നു എന്റെ പ്രേക്ഷകർ. അവർക്ക് മാത്രമെ എന്നെ അറിയുമായിരുന്നുള്ളു. ബിഗ് ബോസിൽ വന്നശേഷം യുവാക്കളും എന്നെ അറിഞ്ഞുതുടങ്ങി. കൂടുതൽ ആളുകൾ തിരിച്ചറിയുന്നുണ്ട്. അതുപോലെ എനിക്കുണ്ടായ സാമ്പത്തിക നേട്ടത്തിലും വ്യത്യാസം വന്നിട്ടുണ്ട്. അവസരങ്ങൾ ലഭിക്കുന്നതും കൂടിയിട്ടുണ്ട്'', റെനീഷ അഭിമുഖത്തിൽ പറഞ്ഞു.
''ബിഗ് ബോസിനുശേഷം സ്വഭാവത്തിൽ വലിയ മാറ്റം വന്നു എന്നൊക്കെ ചിലർ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ സ്വഭാവത്തിലും ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. നേരത്തെ ഞാൻ ഒരു മണ്ടിയായിരുന്നു. എല്ലാവരേയും പെട്ടന്ന് വിശ്വസിച്ചിരുന്നു. ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ട്. എന്റെ സുഹൃത്‍വലയവും ചെറുതായി വന്നിട്ടുണ്ട്. പിന്നിൽ നിന്ന് കുത്താൻ പാടില്ല, ഡബിൾ സ്റ്റാന്റ് പാടില്ല, പറയാനുള്ള കാര്യങ്ങൾ മുഖത്ത് നോക്കി പറയണം, വിശ്വസ്തത ഉള്ള ആളായിരിക്കണം.
ഈ ഗുണങ്ങൾ ഉള്ളവരെയാണ് ഞാൻ എന്റെ സൗഹൃദവലയത്തിൽ പെടുത്തുക'', '', റെനീഷ കൂട്ടിച്ചേർത്തു.
