ട്വന്റി 20 നേതാവ് സാബു ജേക്കബ് തന്നെ ചതിച്ചുവെന്ന് അഖിൽ മാരാർ ആരോപിക്കുന്നു. കൊട്ടാരക്കര സീറ്റ് നൽകാതെയും തൃപ്പൂണിത്തുറയിൽ മത്സരിക്കുന്നത് തടഞ്ഞും സാബു ജേക്കബ് വഞ്ചിച്ചുവെന്നും, തിരഞ്ഞെടുപ്പിനായി ബിജെപി നൽകിയ കോടികളുടെ പഴി താൻ കേൾക്കേണ്ടി വന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

കൊച്ചി: കൊട്ടാരക്കരയിൽ സ്വതന്ത്രനായി മത്സരിക്കാൻ ആഗ്രഹിച്ചാണ് ട്വന്റി 20-യിലേക്ക് അടുത്തതെന്നും, അവിടെ ബിജെപി വോട്ടുകൾക്ക് പുറമെ തന്റെ വ്യക്തിപരമായ സ്വാധീനത്തിലുള്ള വോട്ടുകൾ കൂടി ചേരുമ്പോൾ ത്രികോണ മത്സരം ഉണ്ടാകുമെന്ന സാധ്യതയാണ് മുന്നിൽ കണ്ടതെന്നും അഖിൽ മാരാർ കുറിച്ചു. എന്നാൽ കൊട്ടാരക്കരയിൽ സീറ്റ് നൽകാതെ സാബു ജേക്കബ് തന്നെ ചതിച്ചു. പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നൽകി മാന്യത കാണിക്കാൻ ബിജെപി തയ്യാറായെങ്കിലും അവിടെയും സാബു ജേക്കബ് വഞ്ചിക്കുകയായിരുന്നു. ജയസാധ്യതയോ മുന്നേറ്റമോ ഉണ്ടാക്കുന്ന സീറ്റിൽ താൻ മത്സരിക്കരുതെന്ന് ബിജെപിയിലെ ചില നേതാക്കളും തീരുമാനിച്ചിരുന്നു.

35ശതമാനം ക്രിസ്ത്യൻ വോട്ടുകളുള്ള തൃക്കാക്കരയിൽ ഉമ്മൻ ചാണ്ടിയുടെ മരുമകനെ നിർത്തിയാൽ വലിയ നേട്ടമുണ്ടാക്കാമായിരുന്നിട്ടും, യാതൊരു രാഷ്ട്രീയ ബോധവുമില്ലാത്തവരെ നിർത്തി എൻഡിഎയ്ക്ക് മൊത്തത്തിൽ നാണക്കേടുണ്ടാക്കുകയാണുണ്ടായത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലുമില്ലാത്ത ഒരേയൊരു എൻഡിഎ സ്ഥാനാർത്ഥി താനായിരുന്നുവെന്നും സോഷ്യൽ മീഡിയ വഴി ഉണ്ടാക്കിയ ഓളം മാത്രമാണ് തൃക്കാക്കരയിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെല്ലാം പുറമെ താൻ കോടികൾ വാങ്ങി എന്ന ആക്ഷേപവും കേൾക്കേണ്ടി വന്നു. തിരഞ്ഞെടുപ്പിനായി 40 കോടി രൂപ സാബു ജേക്കബിന് നൽകിയതായി ബിജെപിയിലെ ചില മുതിർന്ന നേതാക്കൾ വഴി അറിഞ്ഞെന്നും ഈ പഴിയെല്ലാം താൻ കേൾക്കേണ്ടി വരുന്നത് അനീതിയാണെന്നും അഖിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് ശേഷം പലതവണ വിളിച്ചിട്ടും സന്ദേശങ്ങൾ അയച്ചിട്ടും സാബു ജേക്കബ് മറുപടി നൽകിയില്ല. 'തന്നെ വെടിവെച്ചുകൊന്നിട്ട് ആത്മഹത്യയാണെന്ന് പറഞ്ഞോളാൻ' സാബു ജേക്കബിന്റെ ഓഫീസിൽ കയറി പറയേണ്ട സാഹചര്യം വരെയുണ്ടായെന്ന് വ്യക്തമാക്കിയ അഖിൽ മാരാർ, ഇനി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ഭാഗമാകാതെ സ്വതന്ത്രനായി മുന്നോട്ടുപോകുമെന്നും കൂട്ടിച്ചേർത്തു.