Asianet News MalayalamAsianet News Malayalam

നായകനില്‍ നിന്ന് ക്രൂരനായ വില്ലനിലേക്ക്; കരുത്തിന്‍റ പ്രതീകമായി സത്താറിന്‍റെ സിനിമാ ജീവിതം

മലയാള സിനിമയിൽ കരുത്തിന്റെ പ്രതീകമായിരുന്നു സത്താ‌ർ. നായകനായെത്തി പിന്നെ ശക്തനായ വില്ലനായ മാറിയ സത്താർ എണ്‍പതുകളിലെയും തൊണ്ണൂറുകളിലേയും തിളങ്ങിയ നടനായിരുന്നു

Actor sathar cinema life
Author
Kerala, First Published Sep 17, 2019, 7:45 AM IST

തിരുവനന്തപുരം: മലയാള സിനിമയിൽ കരുത്തിന്റെ പ്രതീകമായിരുന്നു സത്താ‌ർ. നായകനായെത്തി പിന്നെ ശക്തനായ വില്ലനായ മാറിയ സത്താർ എണ്‍പതുകളിലെയും തൊണ്ണൂറുകളിലേയും തിളങ്ങിയ നടനായിരുന്നു. ജയനും സോമനും സുകുമാരനുമൊക്കെ കത്തിനിന്ന എഴുപതുകകളിൽ വലിയ പ്രതീക്ഷയുണ‍ർത്തിയാണ് സത്താറും സിനിമയിലേക്കെത്തുന്നത്.

75 ൽ എം കൃഷ്ണൻനായരുടെ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ തുടക്കം. 76 ൽ എ വിൻസെൻറിൻറെ അനാവരണത്തിൽ നായകനായി. പിന്നെ നായകനായും വില്ലനായും സ്വഭാവ നടനുമൊക്കെയായി സജീവസാന്നിധ്യം. ജയനെ താരമാക്കിയ ശരപഞ്ജരത്തിലെ സത്താറിന്‍റെ പോസിറ്റീവ് കഥാപാത്രവും കയ്യടി നേടി.

നായകനായി തുടങ്ങിയ സത്താ‌ർ പിന്നെ മെല്ലെ മെല്ലെ ക്രൂരനായ വില്ലൻ റോളിലേക്ക് വഴിമാറി. ഹരിഹരന്‍റെയും ഐവി ശശിയുടെയും മൾട്ടിസ്റ്റാർ ചിത്രങ്ങളുടെ അവിഭാജ്യഘടകമായി. 79-ൽ സൂപ്പർ നായിക ജയഭാരതി ജീവിതസഖിയായി. പിന്നീട് ഇരുവരും രണ്ട് വഴിക്ക്. പുതുനിര നായകരുടെ വരവോടെ സത്താർ ബി ഗ്രേഡ് മസാലചിത്രങ്ങളിലേക്ക് ഒതുങ്ങി.

വലിയൊരു ഇടവേളക്ക് ശേഷം ആഷിക് അബുവിൻറെ 22 ഫീമെയിൽ കോട്ടയത്തിലൂട ശക്തമായ തിരിച്ചുവരവ്. ഇടക്ക് സീരിയലിലും സജീവമായി. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരിൽ ജന്മിയായിരുന്ന ഖാദർ പിള്ളൈയുടെയും ഫാത്തിമയുടെയും പത്ത് മക്കളിൽ ഒമ്പതാമനായാണ് സത്താറിന്‍റെ ജനനം. വിവിധ ഭാഷകളിലായി 300 ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. സത്താർ- ജയഭാരതി ദമ്പതികളുടെ മകൻ ക്രിഷ് ജെ സത്താറും നടനാണ്. 

Follow Us:
Download App:
  • android
  • ios