ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭങ്ങൾ ഉയരുന്നതിനിടെ വീണ്ടും പ്രതികരണവുമായി നടന്‍ സിദ്ധാർഥ്. ഫാസിസത്തോട് നോ പറയണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ചു. ആദ്യം മുസ്ലീങ്ങളെയും പിന്നീട് മറ്റ് മതസ്ഥരെയും അവര്‍ മാറ്റിനിർത്തുമെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്തു.

"ആദ്യം അവർ മുസ്ലീങ്ങളെ മാറ്റിനിർത്തും, പിന്നീട് ക്രിസ്ത്യാനികളെ, ശേഷം മറ്റ് മതസ്ഥരെ. പിന്നാലെ അടിച്ചമർത്തപ്പെട്ട ജാതിവിഭാ​ഗങ്ങളെ അരികുവത്ക്കരിക്കും. ശേഷം തന്ത്രപരമായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കു പിറകേ പോകും. വിഭജിക്കാൻ അവർ എപ്പോഴും ഒരു വഴി കണ്ടെത്തും.  വിദ്വേഷത്തിനായും അവർ ഒരു മാർ​ഗം കണ്ടെത്തും. അതാണവരുടെ മാര്‍ഗം. ഫാസിസത്തോട് നോ പറയൂ. ഇന്ത്യയെ രക്ഷിക്കൂ"- സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.

ഇവര്‍ രണ്ട് പേര്‍ കൃഷ്ണനും അര്‍ജുനനുമല്ല, ദുര്യോധനനും ശകുനിയുമാണെന്നായിരുന്നു സിദ്ധാര്‍ഥ് നേരത്തെ വിഷയത്തിൽ പ്രതികരിച്ചത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും സിദ്ധാര്‍ഥ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. മുമ്പും നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ തുറന്ന പ്രതിഷേധം പ്രകടിപ്പിച്ച നടനാണ് സിദ്ധാര്‍ഥ്.
 Read Also: അവര്‍ കൃഷ്ണനും അര്‍ജുനനും അല്ല, ദുര്യോധനനും ശകുനിയും: നടന്‍ സിദ്ധാര്‍ഥ്