നടൻ വിക്കി കൗശലും കത്രീന കൈഫും  വിവാഹിതരായത് അടുത്തിടെയാണ്. 

നടൻ വിക്കി കൗശലും (Vicky Kaushal) കത്രീന കൈഫും (Katrina Kaif) അടുത്തിടെയായായിരുന്നു വിവാഹിതരായത്. വലിയ ആഘോഷത്തിമിര്‍പ്പില്‍ നടന്ന വിവാഹത്തിന് ചുക്കാൻ പിടിക്കാനുണ്ടായത് കത്രീന കൈഫിന്റെ സഹോദരിമാരാണ്. സഹോദരിമാര്‍ക്ക് ഒപ്പമുള്ള ഫോട്ടോ വിവാഹ ചടങ്ങില്‍ നിന്നുള്ളത് കത്രീന കൈഫ് ഷെയര്‍ ചെയ്‍തിരുന്നു. കത്രീനയുടെ സഹോദരി ഇസബെല്ലയ്‍ക്ക് (Isabelle Kaif) ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ വിക്കി കൗശല്‍.

ഇസബെല്ല കൈഫിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിക്കി കൗശല്‍. സന്തോഷകരമായ ജന്മദിനമാകാൻ താൻ ആശംസിക്കുന്നുവെന്നാണ് വിക്കി കൗശല്‍ എഴുതിയിരിക്കുന്നത്. വിവാഹ ആഘോഷങ്ങള്‍ക്ക് എത്തുന്ന കത്രീന കൈഫിന്റെ സഹോദരിമാരുടെ ഫോട്ടോ നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. തന്റെ കരുത്താണ് സഹോദരിമാരെന്ന് പറഞ്ഞ് കത്രീന കൈഫും അന്ന് ഫോട്ടോ പങ്കുവെച്ചിരുന്നു.

വളർന്നുവരുമ്പോൾ, ഞങ്ങൾ സഹോദരിമാർ എപ്പോഴും പരസ്‍പരം കൈത്താങ്ങായി. എന്റെ കരുത്താണ് അവർ. ഞങ്ങൾ പരസ്‍പരം ഒന്നിച്ച് വളര്‍ന്നു. അത് എപ്പോഴും അങ്ങനെ തന്നെ തുടരട്ടെയെന്നുമാണ് കത്രീന കൈഫ് എഴുതിയിരുന്നത്.

രാജസ്ഥാനിലെ സവായി മധോപൂരിലുള്ള ഹോട്ടല്‍ സിക്സ് സെൻസസ് ഫോര്‍ട്ടില്‍ വെച്ചായിരുന്നു വിക്കി കൗശലിന്റെയും വിവാഹം. 120 പേര്‍ക്കായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നത്. നടി കത്രീന കൈഫിന്റെ ആറ് സഹോദരിമാരും വിവാഹ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായത്.