സായ് പല്ലവിയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്ന ലവ് സ്റ്റോറിയാണ് ആദ്യം പ്രദർശിപ്പിച്ച ചിത്രം.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ യുവതാരമാണ് വിജയ് ദേവരകൊണ്ട(vijay devarakonda). റൗഡി വെയർ എന്ന ബ്രാൻഡിൽ വസ്ത്രവ്യാപാര രംഗത്ത് ശ്രദ്ധനേടിയ താരമിപ്പോൾ പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തെലങ്കാനയിലെ മഹ്ബൂബ്നഗറിൽ മൾട്ടിപ്ലക്സ് തിയറ്റർ(multi plus theatre) കോംപ്ലക്സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ഏഷ്യൻ വിജയ് ദേവരകൊണ്ട സിനിമാസ് (എവിഡി) എന്നാണ് തിയറ്ററിന് പേര് നൽകിയിരിക്കുന്നത്.
ഇന്നാണ് എവിഡിയുടെ പ്രവർത്തനം ആരംഭിച്ചത്. സായ് പല്ലവിയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്ന ലവ് സ്റ്റോറിയാണ് ആദ്യം പ്രദർശിപ്പിച്ച ചിത്രം. തന്റെ അമ്മയ്ക്ക് ജന്മദിന സമ്മാനമായി തിയറ്റർ സമർപ്പിക്കുകയാണെന്നും വിജയ് പറയുന്നു. ഏഷ്യൻ സിനിമാസിന്റെ പങ്കാളിത്തത്തോടെയാണ് വിജയ് ഈ തിയറ്റർ നിർമിച്ചത്.
അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയാകെ ജനപ്രീതിയാർജിച്ച നടനാണ് വിജയ് ദേവരകൊണ്ട. വേൾഡ് ഫെയ്മസ് ലവ്വറാണ് വിജയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്ഷൻ ത്രില്ലർ ചിത്രം ലിഗറിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് നിര്‍മ്മാണം.
