മലയാളസിനിമയില്‍ സ്വജനപക്ഷപാതമുണ്ടെന്ന യുവതാരം നീരജ് മാധവിന്‍റെ അഭിപ്രായ പ്രകടനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ ആത്മഹത്യയ്ക്കു ശേഷം ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായ സമയത്താണ് മലയാളസിനിമയിലും ഇതുണ്ടെന്ന വെളിപ്പെടുത്തലുമായി നീരജ് രംഗത്തെത്തുന്നത്. നടന്‍ ഷമ്മി തിലകനെപ്പോലെ അപൂര്‍വ്വം പേര്‍ മാത്രമാണ് സിനിമാമേഖലയില്‍ നിന്ന് നീരജ് പറഞ്ഞതിനെ വ്യക്തിപരമായി പിന്തുണച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ നീരജ് പറഞ്ഞില്‍ കാര്യമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മറ്റൊരു അഭിനേതാവ്. നടന്‍ വിഷ്‍ണു പ്രസാദ് ആണ് താനും മലയാളസിനിമയിലെ സ്വജനപക്ഷപാതത്തിന്‍റെ ഇരയാണെന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

വിഷ്‍ണു പ്രസാദ് പറയുന്നു

"അമ്മ എന്ന സംഘടനയില്‍ എന്തുകൊണ്ട് അംഗത്വം നിഷേധിച്ചു? വര്‍ഷങ്ങള്‍ക്കു മുന്‍പേ നടന്ന കാര്യമാണ്. എന്നാലും മനസ് തുറക്കാം എന്നു വിചാരിച്ചു. വിനയന്‍ സാര്‍ സംവിധാനം ചെയ്‍ത തമിഴ് ചിത്രം കാശി ആയിരുന്നു ഞാന്‍ അഭിനയിച്ച ആദ്യ സിനിമ. പിന്നീട് ഫാസില്‍ സാറിന്‍റെ കൈയ്യെത്തും ദൂരത്ത്, ജോഷി സാറിന്‍റെ റണ്‍വേ, മാമ്പഴക്കാലം, ലയണ്‍... ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയവ. അന്ന് അമ്മയിലെ അംഗത്വത്തിനായി അപേക്ഷിച്ചപ്പോള്‍ കൂടുതല്‍ സിനിമകള്‍ ചെയ്യൂ എന്നായിരുന്നു മറുപടി. പിന്നീടു വന്ന, കുറച്ചു സിനിമകള്‍ മാത്രം ചെയ്‍ത അഭിനേതാക്കള്‍ക്കും അംഗത്വം ലഭിച്ചു. എന്തുകൊണ്ട്? മലയാളസിനിമയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും അധികാരശ്രേണിയെക്കുറിച്ചും ഈയിടെ നീരജ് മാധവ് പറഞ്ഞ അഭിപ്രായം വളരെ സത്യമാണ്. ഞാന്‍ അതിന്‍റെ ഇരയും ദൃക്‍സാക്ഷിയുമാണ്. വിശദാംശങ്ങള്‍ പിന്നീട്..."

വളര്‍ന്നുവരുന്നവരെ എങ്ങനെ മുളയിലേ മുള്ളാമെന്ന് കൂടിയാലോചിക്കുന്ന സംഘം മലയാളസിനിമയിലുണ്ട് എന്നായിരുന്നു നീരജ് മാധവിന്‍റെ ആരോപണങ്ങളുടെ കാതല്‍. നീരജ് ആരോപണം ഉന്നയിച്ചവര്‍ ആരെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍ക ആദ്യം രംഗത്തെത്തി. തുടര്‍ന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ഫെഫ്‍ക ഈ വിഷയത്തില്‍ കത്തും നല്‍കി. എന്നാല്‍ വിശദീകരണം ആവശ്യപ്പെട്ട 'അമ്മ'യോടും നീരജ് തന്‍റെ ആരോപണം ആവര്‍ത്തിക്കുകയായിരുന്നു. പിന്നാലെ നീരജിന്‍റെ ആരോപണം ഗൗരവത്തോടെ എടുക്കണമെന്നും ആരോപിക്കുന്ന തരത്തിലുള്ള വിവേചനം സിനിമാരംഗത്തുണ്ടെങ്കില്‍ പരിഹരിക്കപ്പെടണമെന്നും ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണന്‍ അഭിപ്രായപ്പെട്ടിരുന്നു.