"ഒരു അഭിനേതാവ് എന്ന നിലയില്‍ എന്‍റെ പരിചിത ഇടങ്ങളിലേക്കും വേരുകളിലേക്കുമുള്ള മടക്കവുമാണ് ഇത്"
ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് ഇറങ്ങുന്ന അഭിനേതാക്കളുടെ നിരയിലേക്ക് ഒരാള്‍ കൂടി. നടി ആന്‍ അഗസ്റ്റിന്‍ ആണ് പുതിയ തുടക്കത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പരസ്യചിത്ര നിര്‍മ്മാതാക്കളായ മിറാമര്‍ ഫിലിംസുമായി ചേര്‍ന്നായിരിക്കും ഫീച്ചര്‍ഫിലിം നിര്‍മ്മാണരംഗത്തേക്ക് ആന്‍ അഗസ്റ്റിന്‍റെ ചുവടുവെപ്പ്. നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവരുമെന്ന സൂചനയും അവര്‍ നല്‍കിയിട്ടുണ്ട്.
"മിറാമര്‍ ഫിലിംസുമായി ചേര്‍ന്ന് സിനിമാ നിര്‍മ്മാണരംഗത്തേക്ക് എന്‍റെ ആദ്യ ചുവടുകള്‍ വെക്കുകയാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്‍റെ പരിചിത ഇടങ്ങളിലേക്കും വേരുകളിലേക്കുമുള്ള മടക്കവുമാണ് ഇത്. ഒരിക്കല്‍ക്കൂടി ആരംഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ ദൈവാനുഗ്രഹത്തിനും നിങ്ങള്‍ക്കും നന്ദി, സ്നേഹവും പിന്തുണയും പ്രാര്‍ഥനയും അനുഗ്രഹവും നല്‍കിയതിന്", ആന്‍ അഗസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന ലാല്‍ജോസ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നടന്‍ അഗസ്റ്റിന്‍റെ മകളായ ആന്‍ അഗസ്റ്റിന്‍ അഭിനയമേഖലയിലേക്ക് എത്തിയത്. ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് 13 ചിത്രങ്ങളില്‍ അഭിനയിച്ചു. ശ്യാമപ്രസാദിന്‍റെ 'ആര്‍ട്ടിസ്റ്റി'ലെ പ്രകടനത്തിന് മികച്ച നടിക്കുള്ള 2013ലെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. ബിജോയ് നമ്പ്യാരുടെ 'സോളോ'യ്ക്കു ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
