മകന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്. തന്‍റെ കാഴ്ചപ്പാടിലെ ഫെമിനിസത്തെക്കുറിച്ചും ആനി വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്

താന്‍ അവതാരകയായ ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയ നടി പ്രിയങ്ക നായരെ ബോഡി ഷെയ്മിംഗ് നടത്തിയെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി ആനി. മകന്‍ റുഷിന്‍ ആരംഭിച്ച യുട്യൂബ് ചാനലിലൂടെയാണ് ആനി വിഷയത്തില്‍ പ്രതികരിച്ചത്. എന്ത് കോലമാണ് ഇതെന്നും പ്രിയങ്ക നായര്‍ എന്ന് മാറ്റിയിട്ട് പ്രിയങ്ക ഗാന്ധി എന്ന് പേര് മാറ്റിയാലോ എന്ന് താന്‍ ആലോചിക്കുകയാണെന്നും നല്ല രീതിയില്‍ ഇരുന്നയാള്‍ പാക്ക് പോലെ ആയെന്നുമൊക്കെയായിരുന്നു പ്രിയങ്ക നായരോടുള്ള ആനിയുടെ പ്രതികരണം. സിനിമയില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വേണ്ടി നടത്തിയ മാറ്റമാണ് ഇതെന്ന് ടെലിവിഷന്‍ ഷോയില്‍ ആനിയോട് പ്രിയങ്ക പറയുന്നുണ്ട്. ആനിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോ ആനിയെ കാണിച്ചുകൊണ്ട് മകന്‍ റുഷിന്‍ തന്നെയാണ് അമ്മയോട് പ്രതികരണം ചോദിക്കുന്നത്.

ആനിയുടെ പ്രതികരണം

വിമര്‍ശനം കണ്ടിട്ട് എന്ത് തോന്നുന്നുവെന്ന മകന്‍റെ ചോദ്യത്തിന് തനിക്ക് ഒന്നും തോന്നുന്നില്ലെന്നായിരുന്നു ആനിയുടെ മറുപടി. “ഒരു കലാകാരി എന്ന നിലയില്‍ എനിക്ക് പ്രിയങ്കയുടെ കാര്യത്തില്‍ അഭിമാനമാണ് തോന്നിയത്”, ആനി പറയുന്നു. ഇരുവരും പങ്കെടുത്ത ഷോയില്‍ പ്രിയങ്കയുടെ അര്‍പ്പണത്തെക്കുറിച്ച് ആനി പറഞ്ഞിട്ടുണ്ടെന്ന കാര്യം റുഷിനും ചൂണ്ടിക്കാട്ടുന്നുണ്ട്. “ഒരാളെ അപമാനിക്കാന്‍ ഒരിക്കലും ഞാന്‍ ശ്രമിക്കില്ല. എന്‍റെ മുന്നില്‍ വച്ച് ആരെങ്കിലും അതിന് ശ്രമിച്ചാല്‍ അവരുടെ വശം കൂടി കേള്‍ക്കാനും ഞാന്‍ പറയും”, ആനി പറയുന്നു. ആദ്യമായി അഭിനയിച്ച സിനിമയായ അമ്മയാണെ സത്യത്തിന് വേണ്ടി താന്‍ നടത്തിയ മുടി മുറിച്ചുള്ള മേക്കോവറിനെക്കുറിച്ചും ആനി വീഡിയോയില്‍ പറയുന്നുണ്ട്. “അന്നൊന്നും ഇത് എന്ത് കോലമാണെന്ന് ചോദിക്കാന്‍ ആരും വന്നില്ല. മറിച്ച് എല്ലാവരും അഭിനന്ദിക്കുകയായിരുന്നു”, ആനി പറയുന്നു. അമ്മയുടെ കണ്‍സെപ്റ്റില്‍ ഫെമിനിസം എന്താണെന്നും റുഷിന്‍ ചോദിക്കുന്നുണ്ട്. അതിന് ആനിയുടെ മറുപടി ഇങ്ങനെ- “ഞാന്‍ 1993 ലാണ് 16-ാം വയസില്‍ സിനിമയില്‍ വരുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത്. ആ സമയത്ത് ഞാന്‍ വരുമാനം നേടാന്‍ തുടങ്ങി. അതില്‍ എനിക്ക് അഭിമാനമുണ്ട്. നിങ്ങള്‍ക്ക് അതിന് കഴിഞ്ഞിട്ടുണ്ടോ? സിനിമയില്‍ വരുമ്പോള്‍ കുടുംബം ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു. അഭിനയം എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ഞാന്‍ ജീവിച്ചു. ഇന്ന് സന്തോഷമായിട്ട് മൂന്ന് മക്കള്‍ക്കൊപ്പം ജീവിക്കുന്നു. അന്ന് ഞങ്ങളൊക്കെ സിനിമയില്‍ വന്ന സമയത്ത് സമൂഹത്തിന്‍റെ ഒരു ചോദ്യം ഉണ്ടായിരുന്നു. പെണ്‍കുട്ടി അഭിനയിക്കണോ എന്ന്. അന്ന് സ്ത്രീകള്‍ക്ക് കുറേ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഒത്തിരി കഴിവുള്ള സ്ത്രീകള്‍ വീട്ടുകാരുടെ പിന്തുണ ഇല്ലാത്തതിന്‍റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവരെ ഈ ഫെമിനിസ്റ്റുകള്‍ എന്ന് പറയുന്നവര്‍ സമൂഹത്തിലേക്ക് കൊണ്ടുവരണമായിരുന്നു. അതാണ് എന്‍റെ കാഴ്ചപ്പാടില്‍ ഫെമിനിസം. അല്ലാതെ സ്ത്രീയും പുരുഷനും ഒരുപോലെ ഇരിക്കുന്നതില്‍ എന്താണ് അര്‍ഥം”, ആനി ചോദിക്കുന്നു.

താന്‍ അവതാരകയാവുന്ന ടെലിവിഷന്‍ ഷോയിലെ തന്‍റെ പരാമര്‍ശങ്ങളെപ്പറ്റി പലപ്പോഴും ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങള്‍ സൂചിപ്പിച്ച് ആനി ഇങ്ങനെയും പറയുന്നു- “ഞാന്‍ വളര്‍ന്നതിന്‍റെ പ്രശ്നമായിരിക്കാം, കേട്ടതിന്‍റെ പ്രശ്നമായിരിക്കാം. ഒരാള്‍ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍, എന്തു പറ്റി, ക്ഷീണിച്ചുപോയോ എന്ന് ചോദിക്കുന്നത് ഒരു നാട്ടുനടപ്പാണ്. എല്ലാവരും ചോദിക്കുന്ന ഒരു കാര്യമാണ്. പക്ഷേ ചെയ്യാന്‍ പാടില്ലെന്ന് ഇപ്പോഴത്തെ കുട്ടികള്‍ തിരുത്തുന്നുണ്ട്. അത് തിരുത്താന്‍ ഞാന്‍ പരമാവധി ശ്രമിക്കും, ആനി പറയുന്നു. എന്നോട് അങ്ങനെ ഒരാള്‍ ചോദിച്ചാല്‍ എനിക്ക് ഒന്നും തോന്നില്ല. എനിക്ക് ഭയങ്കര വണ്ണമാണെന്ന് ഒരാള്‍ പറഞ്ഞാല്‍, എനിക്ക് എന്നെക്കുറിച്ച് അഭിമാനമാണെന്നേ ഞാന്‍ പറയൂ. കാരണം ഞാന്‍ എന്‍റെ ശരീരത്തെ സ്നേഹിക്കുന്നു. നിങ്ങളുടെ ശരീരം ആരോഗ്യത്തോടെയാണ് ഇരിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം. അത്രയേ ഉള്ളൂ”, ആനി പറഞ്ഞവസാനിപ്പിക്കുന്നു.

Kerala Budget 2026 | Asianet News Live | Malayalam Live News | Kerala News Updates | Breaking News