Asianet News MalayalamAsianet News Malayalam

നടി ചന്ദ്ര ലക്ഷ്‍മണ്‍ വിവാഹിതയാവുന്നു; വരന്‍ 'സ്വന്തം സുജാത'യിലെ സഹതാരം ടോഷ് ക്രിസ്റ്റി

ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെയുള്ള വിവാഹമെന്ന് ചന്ദ്ര

actress chandra lakshman to marry actor tosh christy
Author
Thiruvananthapuram, First Published Aug 26, 2021, 5:22 PM IST

സീരിയല്‍, സിനിമാ താരം ചന്ദ്ര ലക്ഷ്‍മണ്‍ വിവാഹിതയാവുന്നു. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'സ്വന്തം സുജാത'യിലെ ചന്ദ്രയുടെ സഹതാരം ടോഷ് ക്രിസ്റ്റിയാണ് വരന്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചന്ദ്ര ലക്ഷ്‍മണ്‍ തന്നെയാണ് വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

തന്‍റെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് ഇവിടെ അന്ത്യമാവുകയാണെന്ന് ചന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. "അതെ, ഇതാണ് ഞങ്ങള്‍ പറഞ്ഞത്. ഞങ്ങളുടെ കുടുംബങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഒരു പുതിയ യാത്ര ആരംഭിക്കുമ്പോള്‍, ഞങ്ങളുടെ സന്തോഷത്തില്‍ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളെയും പങ്കാളികളാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. എന്‍റെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് ഇവിടെ അവസാനമാവുന്നു. ഞങ്ങളെ അനുഗ്രഹിക്കുക. പ്രാര്‍ഥനകളില്‍ ഓര്‍ക്കുക. വഴിയേ എല്ലാം അറിയിക്കാം", ടോഷ് ക്രിസ്റ്റിയെ ടാഗ് ചെയ്‍തുകൊണ്ടാണ് ചന്ദ്രയുടെ പോസ്റ്റ്. ഇരുവരും കൈകള്‍ കോര്‍ത്തിരിക്കുന്നതിന്‍റെ ചിത്രവുമുണ്ട്.

2002ല്‍ പുറത്തിറങ്ങിയ 'മനസെല്ലാം' എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് ചന്ദ്ര ലക്ഷ്‍മണ്‍. അതേവര്‍ഷം 'സ്റ്റോപ്പ് വയലന്‍സ്' എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും എത്തി. ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, ബെല്‍റാം vs താരാദാസ്, പച്ചക്കുതിര തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2003ല്‍ 'സ്വന്തം' എന്ന പരമ്പരയില്‍ 'സാന്ദ്ര നെല്ലിക്കാടന്‍' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സീരിയല്‍ ലോകത്തേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതിലേറെ പരമ്പരകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'സ്വന്തം സുജാത'യിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് ചന്ദ്ര ലക്ഷ്‍മണ്‍ അവതരിപ്പിക്കുന്നത്. 'സുജാത'യെ സഹായിക്കുന്ന 'അഡ്വ: ആദം ജോണ്‍' എന്ന കഥാപാത്രത്തെയാണ് ടോഷ് ക്രിസ്റ്റി പരമ്പരയില്‍ അവതരിപ്പിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios