അഹമ്മദാബാദ്: നെഹ്‍റു കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റു പങ്കുവച്ചന്നാരോപിച്ച് നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദിലുള്ള വസതിയിൽവച്ച് ഉച്ചയോടെയാണ് രാജസ്ഥാൻ പൊലീസ് പായലിനെ കസ്റ്റഡിയിലെടുത്തത്. അപകീർത്തി കേസിൽ പായലിനെതിരെ കേസ് എടുത്തതായും എസ്‍പി മംമ്ത ​ഗുപ്ത പറഞ്ഞു. 

കസ്റ്റഡിയിലായ വിവരം പായൽ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. 'രാജസ്ഥാൻ പൊലീസ് എന്നെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ​ഗൂ​ഗിളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉൾ‌പ്പെടുത്തി മോത്തിലാൽ നെഹ്‍റുവിനെ കുറിച്ച് വീഡിയോ തയ്യാറാക്കി എന്നാരോപിച്ചാണ് അറസ്റ്റ്. സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഒരു തമാശയാണ്', പായൽ ട്വീറ്റിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും ​ടാ​ഗ് ചെയ്താണ് പായൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചാർമേശ് ശർമ്മയാണ് പായലിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഓക്ടോബറിൽ ബുണ്ഡി സാദർ പൊലീസ് സ്റ്റേഷനിൽ ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പായലിനെതിരെ പൊലീസ് നടപടിയുമായി നീങ്ങിയത്. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പായി കഴിഞ്ഞ ആഴ്ച മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ‌ നെഹ്‍റുവിനെയും ഇന്ദിരാ​ ഗാന്ധിയെയും അപകീർ‌ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പങ്കുവച്ചെന്നാരോപിച്ച് പായലിനെതിരെ പൊലീസ് നോട്ടീസ് അയച്ചിരുന്നു.

നോട്ടീസിൽ പ്രതികരണമെന്നും ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പായലിന്റെ മുംബൈയിലുള്ള വസതി പൊലീസ് സന്ദർശിച്ചിരുന്നു. എന്നാൽ, പായലവിടെ ഉണ്ടായിരുന്നില്ല. പിന്നീട് ലഭിച്ച വിവരത്തെ തുട‌ർന്ന് മാതാപിതാക്കൾക്കൊപ്പം ഗുജറാത്തിലെ വീട്ടിലാണ് പായലുള്ളതെന്ന് മനസ്സിലായി. ഇവിടെവച്ചാണ് പായലിനെ കസ്റ്റഡിയിലെടുത്തത്. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പായലിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

സെപ്തംബർ ഒന്നിനാണ് ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും പായൽ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ രൂക്ഷവിമർശനമാണ് പായലിനെതിരെ ഉയർന്നത്. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ താരം രംഗത്തെത്തിയിരുന്നു.