തെന്നിന്ത്യന്‍ സിനിമകളില്‍ ദീര്‍ഘകാല അഭിനയാനുഭവമുള്ള ഗീതാഞ്ജലി രാമകൃഷ്ണ (72) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. 

ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അവര്‍. 1961ല്‍ നന്ദമുറി തരക രാമറാവു സംവിധാനം ചെയ്ത തെലുങ്ക് ചിത്രം സീതാരാമ കല്യാണമാണ് ആദ്യചിത്രം. ഡോ. ചക്രവര്‍ത്തി, ലത മനസുലു, ബൊബ്ബിലി യുദ്ധം, ദേവത, ഗൂഢാചാരി 116 തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. കാട്ടുമാളിക (1966), സ്വപ്‌നങ്ങള്‍ (1970), മധുവിധു (1970) തുടങ്ങിയവയാണ് അഭിനയിച്ച മലയള സിനിമകള്‍.

ആന്ധ്ര പ്രദേശിലെ കാക്കിനടയിലാണ് ജനനം. നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം തെലുങ്ക് നടന്‍ രാമകൃഷ്ണയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ദീര്‍ഘകാലം അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന ഗീതാഞ്ജലി തിരിച്ചെത്തിയതിന് ശേഷം അവതരിപ്പിച്ചത് സ്വഭാവ കഥാപാത്രങ്ങളെയാണ്. തമന്ന നായികയായ 'ദാറ്റ് ഈസ് മഹാലക്ഷ്മി'യാണ് അവസാന ചിത്രം.