‘‘നിങ്ങൾക്ക് മാന്യതയുണ്ടോ? സാഹചര്യം എന്താണെന്നു ചിന്തിക്കുന്നുണ്ടോ? ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാകുന്നതെങ്കിൽ നിങ്ങളെങ്ങനെയാണ് പ്രതികരിക്കുക എന്നതെനിക്ക് കാണണം’’– ജയ ബച്ചൻ ഫോട്ടോഗ്രാഫർമാരോട് പറഞ്ഞു. 

മുംബൈ: മരണവീടിന് മുന്നിൽ കാത്തുനിന്ന ഫോട്ടോ​ഗ്രാഫർമാരെ ശകാരിച്ച് ബോളിവുഡ് താരം ജയ ബച്ചൻ. ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ അച്ഛന്റെ നിര്യാണത്തെത്തുടർന്ന് മുംബൈയിലെ അവരുടെ വസതിയിൽ മകൾ ശ്വേത ബച്ചൻ നന്ദയ്ക്കൊപ്പം എത്തിയതായിരുന്നു ജയ ബച്ചൻ. മൃതദേഹം കണ്ടതിനുശേഷം വീട്ടിൽനിന്ന് ഇറങ്ങിവരുമ്പോഴാണ് പുറത്ത് കൂടിനിന്ന ഫോട്ടോ​ഗ്രാഫർമാരെ കണ്ടത്.

തന്റെ ഫോട്ടോ പകർത്താൻ തിരക്ക് പിടിച്ച ഫോട്ടോ​ഗ്രാഫർമാരെ കണ്ട് അതൃപ്തയായ ജയ ബച്ചൻ അവരോട് പൊട്ടിത്തെറിക്കുകയായിരുന്നു. ‘‘നിങ്ങൾക്ക് മാന്യതയുണ്ടോ? സാഹചര്യം എന്താണെന്നു ചിന്തിക്കുന്നുണ്ടോ? ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാകുന്നതെങ്കിൽ നിങ്ങളെങ്ങനെയാണ് പ്രതികരിക്കുക എന്നതെനിക്ക് കാണണം’’– ജയ ബച്ചൻ ഫോട്ടോഗ്രാഫർമാരോട് പറഞ്ഞു. തുടർന്ന് ശ്വേതയെയും കൂട്ടി ജയ കാറിൽ കയറി പോകുകയായിരുന്നു. ഇതിന് മുമ്പും ഫോട്ടോ​ഗ്രാഫർമാരെ ജയ ബച്ചൻ ശകാരിച്ചിട്ടുണ്ട്. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ വേദിയിലിരിക്കുന്ന തന്റെ ഫോട്ടോ പകർത്താൻ ശ്രമിച്ച ഫോട്ടോ​ഗ്രാഫർമാരെയാണ് ജയ ബച്ചൻ ശകാരിച്ചത്.

View post on Instagram

നവംബർ 19നാണ് മനീഷ് മൽഹോത്രയുടെ അച്ഛൻ സൂരജ് മൽഹോത്ര അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കിടപ്പിലായിരുന്നു. സൂരജ് മൽഹോത്രയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ ബോളിവുഡിലെ നിരവധി പ്രമുഖർ മനീഷ് മൽഹോത്രയുടെ വസതിയിൽ എത്തിയിരുന്നു.