വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് കാവേരി കല്യാണി. ഇപ്പോഴിതാ അഭിനയത്തിന് പുറമേ സംവിധാന രം​ഗത്തെക്കും ചുവടുവയ്ക്കുകയാണ് കാവേരി. 'പുന്നകൈ പൂവെ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരത്തിന്‍റെ സംവിധാന അരങ്ങേറ്റം. 

കാവേരി തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക് യുവ നടന്‍ ചേതന്‍ ചീനു ആണ് ചിത്രത്തിലെ നായകന്‍. ദ്വിഭാഷാ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് ചിത്രമെന്നാണ് സൂചന. ചിത്രത്തിന്റെ നിർമ്മാതാവും കാവേരി തന്നെ. 

ബാലതാരമായാണ് കാവേരി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന ചിത്രത്തിലെ ‘കണ്ണാംത്തുമ്പി’ എന്ന പാട്ടുസീനിൽ വന്നുപോവുന്ന കുട്ടി കാവേരിയുടെ മുഖം മലയാളികൾക്ക് ഇന്നും മറക്കാനാകാത്ത രം​ഗങ്ങളിൽ ഒന്നാണ്.