രോഗം നാലാം ഘട്ടത്തിലാണെന്നും ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാൽ കീമോതെറാപ്പിക്ക് ഒരുങ്ങുകയാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 2018-ൽ കാൻസർ ബാധിതയായ അവർ ചികിത്സയിലൂടെ രോഗമുക്തയായിരുന്നു.

ബിഗ് ബി എന്ന, മമ്മൂട്ടി നായകനായ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് ബോളിവുഡ് താരവും മുന്‍ മോഡലുമായ നഫീസ അലി. കാന്‍സറിന് എതിരെയുള്ള തന്‍റെ പോരാട്ടത്തെക്കുറിച്ച് അവര്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അടുത്ത ഘട്ടത്തിലെ കാന്‍സര്‍ ചികിത്സയ്ക്ക് ഒരുങ്ങുന്നതിന്‍റെ വിവരങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നഫീസ അലി. നാലാമത്തെ ഘട്ടത്തിലാണ് തന്‍റെ രോഗമെന്നും അതിനാല്‍ ഇത്തവണ ശസ്ത്രക്രിയ സാധ്യമല്ലെന്നും അതിനാല്‍ കീമോതെറാപ്പിക്കായി ഒരുങ്ങുകയാണെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്കാനിംഗിന്‍റെ ചിത്രങ്ങള്‍ക്കൊപ്പമാണ് നഫീസ അലിയുടെ കുറിപ്പ്.

“ഇന്ന് മുതല്‍ എന്‍റെ യാത്രയിലെ ഒരു പുതിയ അധ്യായം തുടങ്ങുകയാണ്. ഇന്നലെ ഞാന്‍ പിഇടി സ്കാനിംഗിന് (കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ കണ്ടെത്താനുള്ള പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി സ്കാന്‍) വിധേയയായി. നാലാമത്തെ ഘട്ടത്തിലാണ് രോഗം. അതിനാല്‍ ശസ്ത്രക്രിയ സാധ്യമല്ല. കീമോതെറാപ്പിയിലേക്ക് തിരിച്ച് പോവുകയാണ്. എന്നെ വിശ്വസിക്കൂ, ഞാന്‍ ജീവിതത്തെ സ്നേഹിക്കുന്നു. നാളെ മുതല്‍ കീമോതെറാപ്പി ആരംഭിക്കും”, നഫീസ അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2018 നവംബറിലാണ് നഫീസ അലിക്ക് ആദ്യമായി കാന്‍സര്‍ സ്ഥിരീകരിച്ചത്. പെരിട്ടോണിയല്‍ ആന്‍ഡ് ഒവേറിയന്‍ കാന്‍സര്‍ ആണ് പരിശോധനകളില്‍ കണ്ടെത്തിയത്. കണ്ടെത്തിയപ്പോള്‍ മൂന്നാമത്തെ ഘട്ടത്തില്‍ ആയിരുന്നു രോഗം. എന്നാല്‍ ചികിത്സകള്‍ക്ക് ശേഷം 2019 ല്‍ രോഗം ഭേഗമായി. രോഗം കണ്ടെത്തിയതിന് പിന്നാലെയുള്ള സംഘര്‍ഷങ്ങളെക്കുറിച്ച് അവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. അതേസമയം പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ ഒട്ടേറെ പേരാണ് പ്രിയ താരത്തിന് രോഗസൗഖ്യം ആശംസിച്ച് രംഗത്തെത്തുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നഫീസ അലി രോഗവിവരം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

പശ്ചിമ ബംഗാള്‍ സ്വദേശിയാണ് നഫീസ അലി. നീന്തല്‍ താരമായിരുന്ന ഇവര്‍ 19-ാം വയസില്‍ മിസ് ഇന്ത്യ കിരീടം നേടി. 1979 ല്‍ ശശി കപൂറിനൊപ്പം ജുനൂന്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. ബിഗ് ബിയിലൂടെയാണ് മലയാളത്തില്‍ എത്തിയത്. മമ്മൂട്ടി നായകനായ അമല്‍ നീരദിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രത്തില്‍ മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെയാണ് നഫീസ അലി അവതരിപ്പിച്ചത്. ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ഇത്. അര്‍ജുന അവാര്‍ഡ് ജേതാവും പോളോ താരവുമായ കേണല്‍ ആര്‍ എസ് സോധിയാണ് ഭര്‍ത്താവ്. മൂന്ന് മക്കള്‍ ഉണ്ട്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming