ഒരു വര്‍ഷം മുമ്പുള്ള അഭിമുഖത്തിലെ രേഖയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നതിനിടെ പ്രതികരണവുമായി രേഖ. പുന്നഗൈ മന്നന്‍ എന്ന ചിത്രത്തിലെ ചുംബനരംഗം തന്‍റെ സമ്മതമില്ലാതെയാണ് ചിത്രീകരിച്ചതെന്നായിരുന്നു പഴയ അഭിമുഖത്തില്‍ രേഖ പറഞ്ഞത്. ആ രംഗങ്ങള്‍ ഒരു വര്‍ഷത്തിനിപ്പുറം വൈറലായതോടെയാണ് കമല്‍ ഹാസന്‍ മാപ്പുപറയണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ചുംബനരംഗം ചിത്രീകരിക്കുന്നതിനായി കമലോ സംവിധായകന്‍ കെ. ബാലചന്ദ്രറോ തന്നോട് അനുവാദം ചോദിച്ചിരുന്നില്ലെന്നായിരുന്നു രേഖ അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ സംഭവത്തില്‍ രേഖയുടെ പ്രതികരണം ഇതാണ്. പലരും വിളിച്ച് എന്നോട് ഇത് ചോദിച്ചു. ഇപ്പോള്‍ ഇത് ചര്‍ച്ചയായത് എന്തുകൊണ്ടാണെന്ന് അറിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച കാര്യമാണ്. ചുംബനരംഗം ചിത്രീകരിക്കുന്നതിന് മുമ്പ് അനുവാദം വാങ്ങിയില്ല എന്നത് സത്യമാണ്. പക്ഷെ സിനിമയില്‍ അത് നല്ല രീതിയില്‍ വന്നു. വിവാദത്തിലൂടെ പ്രശസ്തി നേടേണ്ട ആവശ്യം തനിക്കില്ലെന്നും, ജോലികളുടെ തിരക്കുണ്ടെന്നും രേഖ പറഞ്ഞു. 

1986ലായിരുന്നു പുന്നഗൈ മന്നന്‍ എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തില്‍ കമലും രേഖയും ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന രംഗത്തിലായിരുന്നു കമലിന്‍റെ കഥാപാത്രം രേഖയുടെ കഥാപാത്രത്തെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന രംഗമുള്ളത്. അന്ന് രേഖയ്ക്ക് 16 വയസായിരുന്നു. സിനിമ പുറത്തിറങ്ങിയാല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകുമോ എന്ന ഭയമുണ്ടായിരുന്നതായും അന്ന് അസോസിയേറ്റ് ഡയറക്ടറുമായി സംസാരിച്ചിരുന്നുവെന്നും രേഖ പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ബാലചന്ദര്‍ ഇന്ന് ജീവിച്ചിരിപ്പില്ല.