ചെന്നൈ: അന്തരിച്ച ഛായാഗ്രാഹകൻ ജെ. വില്യംസിന്റെയും നടി ശാന്തി വില്യംസിന്റെയും മകനെ എബ്രഹാം സന്തോഷിനെ (35) ചെന്നൈയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉറക്കത്തിൽ ഹൃദയാഘാതം വന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിരുഗംപാക്കം നടേശൻ നഗറിലെ വീട്ടിലാണ് തിങ്കളാഴ്ച സന്തോഷിനെ മരിച്ചനിലയിൽ കണ്ടത്.  . 

മെഡിക്കൽ കമ്പനിയിൽ ജീവനക്കാരനായിരുന്ന സന്തോഷ് അമ്മ ശാന്തിക്കൊപ്പമാണ് താമസിച്ചിരുന്നത്.  സംഭവത്തിൽ വിരുഗംപാക്കം പൊലീസ് കേസെടുത്തിട്ടുണ്ട്.  ധന്യ, സിന്ധു, പ്രശാന്ത് എന്നിവരാണ് സന്തോഷിന്‍റെ സഹോദരങ്ങള്‍.  

ജെ. വില്യംസും ശാന്തിയും കണ്ണൂർ സ്വദേശികളാണ്. സ്ഫടികം, ഇൻസ്പെക്ടർ ബൽറാം തുടങ്ങി ഒട്ടേറെ മലയാള സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന വില്യംസ് 2005-ലാണ് മരിച്ചത്. ശാന്തി മലയാളം തമിഴ് സിനിമകളിലും തമിഴ് സീരിയസുകളിലും സജീവമായിരുന്നു.