'ആദ്യം ഗ്ലാമർ, പിന്നെ ആക്ഷൻ, 1 കോടി രൂപ പ്രതിഫലം വാങ്ങുന്ന ആദ്യ നായിക'; വിജയശാന്തിയുടെ സിനിമ-രാഷ്ട്രീയ ജീവിതം
തുടക്കത്തിൽ കിട്ടിയതൊക്കെയും നെഗറ്റീവ് അല്ലെങ്കിൽ ഗ്ലാമർ റോളുകൾ മാത്രമായിരുന്നു. 1990 -ൽ പുറത്തിറങ്ങിയ വൈജയന്തി ഐപിഎസ് എന്ന ചിത്രത്തിലെ പോലീസ് വേഷം ഹിറ്റായതോടെ വിജയശാന്തി സൂപ്പർ താരമായി. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നടിയായി വിജയശാന്തി മാറി.

ബെംഗളൂരു : ആക്ഷൻ ക്വീൻ നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക് എത്തിയിരിക്കുകയാണ്. മൂന്നു വർഷത്തോളം ബിജെപി പാളയത്തിൽ ചിലവിട്ട ശേഷം, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് വിജയശാന്തി വീണ്ടും കോൺഗ്രസിൽ എത്തുന്നത്. ലോക്സഭാ സീറ്റ് ലക്ഷ്യമിട്ടാണ് വജയശാന്തിയുടെ കൂടുവിട്ട് കൂടുമാറ്റം. ഇക്കൊല്ലം രാഷ്ട്രീയത്തിൽ ഇരുപത്തഞ്ചാണ്ടു തികയ്ക്കുന്ന വിജയശാന്തി, എന്നും കൂടുവിട്ടു കൂടുമാറ്റത്തിന് മുതിർന്നിട്ടുള്ളത് സീറ്റു നിഷേധിക്കപ്പെട്ടതിലുള്ള അതൃപ്തി ഒന്നു കൊണ്ടുമാത്രമാണ്.
ആരാണ് വിജയശാന്തി
ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നടിയായിരുന്നു വിജയശാന്തി. ശാന്തി, വിജയ ശാന്തിയായത് ആദ്യ സിനിമയിലൂടെയാണ്. എഴുപതുകളിൽ ലേഡി ജെയിംസ് ബോണ്ട് എന്നറിയപ്പെട്ടിരുന്ന വിജയ ലളിതയുടെ സഹോദരീ പുത്രിയായ 'ശാന്തി' 1980-ൽ 'കില്ലാഡി കൃഷ്ണുഡു' എന്ന തെലുഗു ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയപ്പോൾ ആണ് 'വിജയ'ശാന്തിയായി മാറിയത്. തുടക്കത്തിൽ കിട്ടിയതൊക്കെയും നെഗറ്റീവ് അല്ലെങ്കിൽ ഗ്ലാമർ റോളുകൾ മാത്രമായിരുന്നു. 1990 -ൽ പുറത്തിറങ്ങിയ വൈജയന്തി ഐപിഎസ് എന്ന ചിത്രത്തിലെ പോലീസ് വേഷം ഹിറ്റായതോടെ വിജയശാന്തി സൂപ്പർ താരമായി.
ഗ്ലാമർ വേഷങ്ങളിൽ നിന്നും ആക്ഷൻ നായികയിലേക്കുള്ള മാറ്റം ഒരു ലേഡി സൂപ്പർ സ്റ്റാറിന്‍റെ ഉദയം കൂടിയായിരുന്നു. ഒരു കാലത്ത് തെന്നിന്ത്യൻ ചിത്രങ്ങളിലെ ലേഡി സൂപ്പർ സ്റ്റാർ പരിവേഷമുണ്ടായിരുന്ന അഭിനേത്രിയായിരുന്നു വിജയശാന്തി. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നടിയായി വിജയശാന്തി മാറി. അവിടന്നങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തിളങ്ങി നിൽക്കെയാണ് വിജയശാന്തിയുടെ രാഷ്ട്രീയ പ്രവേശനം. രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചത് 1998 -ൽ ബിജെപിയിലൂടെയാണ്. ആന്ധ്ര പ്രദേശ് മഹിളാ മോർച്ചാ അദ്ധ്യക്ഷയായിയിരുന്നു തുടക്കം.
തെലങ്കാന പ്രക്ഷോഭത്തിന്റെ പരകോടിയിൽ നിൽക്കെ വിജയശാന്തി 2009 -ൽ ടളളി തെലങ്കാന എന്ന സ്വന്തം പാർട്ടി ഉണ്ടാക്കി. അത് പിന്നീട് ബിആർഎസിൽ ലയിക്കുന്നു. 2009 -ൽ ബിആർഎസ് ടിക്കറ്റിൽ മേഡക്കിൽ നിന്ന് ലോക്സഭയിലേക്കെത്തി. 2011 -ൽ തെലങ്കാന പ്രക്ഷോഭത്തോട ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എംപി സ്ഥാനം രാജിവെച്ച് കെസിആറിനൊപ്പം കൂടി വിജയശാന്തി. 2014 -ൽ കെസിആറുമായി തെറ്റുന്ന വിജയശാന്തി കോൺഗ്രസിൽ ചേരുന്നു. അക്കൊല്ലം തന്നെ കോൺഗ്രസ് ടിക്കറ്റിൽ മേദക് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയം രുചിച്ചു.
2018 -ലെ രാഹുൽ ഗാന്ധി സ്റ്റാർ കാംപെയ്‌നർ ആയി നിയോഗിച്ചതോടെ വീണ്ടും ലൈം ലൈറ്റിലെത്തുന്നു. 2019 -ൽ നരേന്ദ്ര മോദിയെ ഭീകരവാദി എന്ന് വിശേഷിപ്പിച്ച് പൊല്ലാപ്പ് പിടിച്ച വിജയ ശാന്തിക്ക് പക്ഷെ ഒരു കൊല്ലത്തിനുള്ളിൽ ബിജെപിയിൽ ചേരാനും ഒട്ടും മടിയുണ്ടായില്ല. കഴിഞ്ഞ കുറച്ചു കാലമായി ബിജെപി നേതൃത്വവുമായി അസ്വാരസ്യത്തിൽ ആയിരുന്ന വിജയശാന്തി, സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇറങ്ങിപ്പോയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ, മൂന്നു വർഷത്തോളം ബിജെപി പാളയത്തിൽ ചിലവിട്ട ശേഷം, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വീണ്ടും കോൺഗ്രസിൽ എത്തിയിരിക്കുന്നതും ലോക്സഭാ സീറ്റ് പ്രതീക്ഷിച്ചു തന്നെ. വിജയശാന്തിയുടെ ഈ വരവ് സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെ സ്വാധീനിക്കും എന്ന് കാത്തിരുന്നു കാണാം.