മലയാളം താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മറ്റി യോഗം ഇന്നലെ ചേർന്നുവെന്നും സ്ഥിരം കമ്മറ്റി താമസിയാതെ വരുമെന്നും എംഎൽഎയും അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷനുമായ രമേശ് പിഷാരടി. സ്ഥിരം കമ്മറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്നും പിഷാരടി
പാലക്കാട്: മലയാളം താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മറ്റി യോഗം ഇന്നലെ ചേർന്നുവെന്നും സ്ഥിരം കമ്മറ്റി താമസിയാതെ വരുമെന്നും എംഎൽഎയും അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷനുമായ രമേശ് പിഷാരടി. സ്ഥിരം കമ്മറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ല. ശ്വേത മേനോൻ, അൻസിബ, മമ്മൂട്ടി, മോഹലാൽ തുടങ്ങി എല്ലാവരോടും താൻ സംസാരിച്ചു. രാജിവെച്ചവരെ അമ്മയിൽ തിരിച്ച് എത്തിക്കുമെന്നും രമേശ് പിഷാരടി പറഞ്ഞു. പാലക്കാട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് പിഷാരടി.
ജൂൺ 21നായിരുന്നു അമ്മ സംഘടനയിൽ നടകീയ രംഗങ്ങളും കൂട്ടരാജിയും ഒക്കെ നടന്നത്. സംഘടനയുടെ വാർഷിക ബോഡി മീറ്റിംഗ് നടക്കുന്നതിനിടെ വാർഷ കണക്ക് അവതരിപ്പിക്കുന്നതിനെ അപാകത വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവയ്ക്കുകയായിരുന്നു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടുന്ന ഭരണസമിതി രാജിവയ്ക്കുകയും ചെയ്തു. വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായത്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ അറിയിക്കുകയായിരുന്നു. നിലവിൽ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ എട്ട് പേരടങ്ങുന്ന അഡ്ഹോക്ക് കമ്മിറ്റി തുടരുകയാണ്.
അമ്മയുടെ പ്രശ്നത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്
അമ്മയുടെ പ്രശ്നത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്. പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ പറ്റട്ടെ എന്നും സിനിമ പ്രവർത്തകൻ എന്ന നിലയിൽ ഞാനും അത് ആഗ്രഹിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. അമ്മ സംഘടനയിലെ വിഷയങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നു പാർവതി തിരുവോത്തും വ്യക്തമാക്കി. നോബഡി എന്ന സിനിമയുടെ പ്രസ് മീറ്റിനിടെ ആയിരുന്നു താരങ്ങളുടെ പ്രതികരണം.
"എല്ലാവര്‍ക്കും അറിയാവുന്നത് പോലെ തന്നെ അമ്മ സംഘടനയില്‍ വലിയ തര്‍ക്കങ്ങള്‍, ആശയപരമായും അല്ലാതെ ഒക്കെ സംഭവിച്ചു. സംഘടനയ്ക്കകത്ത് നിന്നും രമ്യമായി പരിഹരിക്കാന്‍ സാധിച്ചില്ല എന്നതിന്‍റെ പ്രതിഷേധാര്‍ഹം കുറച്ചു അംഗങ്ങള്‍ അവരുടെ അംഗത്വവും സ്ഥാനങ്ങളും രാജിവച്ചു. അത് യാഥാര്‍ത്ഥ്യം. അപ്പോള്‍ സംഘടനയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നത്? ഒരു ജനറല്‍ ബോഡി വിളിച്ചു കൂട്ടി, എന്തെങ്കിലും പരിഹാരത്തിന് സാധ്യതയുണ്ടോന്ന് ചര്‍ച്ച ചെയ്ത്, ഇല്ല എന്ന അഭിപ്രായം ഉള്ള കുറച്ച് പേര്‍ രാജി വച്ച് പോയി. ഇനി മുന്നോട്ട് എന്ത് ചെയ്യാം എന്നതിന്‍റെ ഭാഗമായിട്ട് ഒരു അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചു. പരിഹാരം കണ്ടെത്താന്‍ പറ്റുമോ എന്ന് നോക്കുകയാണ്. അവര്‍ക്ക് എത്രയും വേഗം പരിഹാരം കണ്ടെത്താനും അംഗങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ സാധിക്കട്ടെ. സിനിമ പ്രവര്‍ത്തകനും സംഘടനയിലെ അംഗമെന്ന നിലയിലും അത് ഞാനും ആഗ്രഹിക്കുന്നു", എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകൾ.



