വീടിന് പേരിട്ടതിനെ കുറിച്ചും വീഡിയോയില്‍ പറയുന്നു.
മലയാളികൾക്ക് പ്രിയപ്പെട്ട താരകുടുംബമാണ് നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്‍ണകുമാറിന്റേത്. കൃഷ്‍ണകുമാറിന്റെ നാലു മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കും ആരാധകരേറെയാണ്. വീട്ടിലെ ആറ് അംഗങ്ങളുടെയും യൂട്യൂബ് ചാനലുകൾക്കും പ്രത്യേകം ഫാൻബേസ് തന്നെയുണ്ട്. ഏറ്റവുമൊടുവിൽ അഹാനയും ഇഷാനിയും ഹൻസികയും പങ്കുവെച്ച ഹോം ടൂർ വീഡിയോയിൽ നിന്നു തന്നെ അത് വ്യക്തമാണ്. ഒരേ വീടിന്റെ ഹോം ടൂർ തന്നെയാണെങ്കിലും മൂന്നു പേരുടെയും അവതരണ രീതിയും കഥ പറച്ചിലും എഡിറ്റിങ്ങുമൊക്കെ വ്യത്യസ്‍തമായതു കൊണ്ട് അപ്‍ലോഡ് ചെയ്‍ത് നിമിഷങ്ങൾക്കകം മൂന്നു പേരുടെയും ഹോം ടൂർ വ്ളോഗും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഏകദേശം ഒരേ സമയത്തു തന്നെയാണ് യൂട്യൂബിൽ മൂവരുടെയും വീഡിയോ പ്രത്യക്ഷപ്പെട്ടതും.

2004 ലാണ് ഈ വീട്ടിലേക്ക് മാറിയതെന്നും അതുവരെ വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്നും അഹാനയും ഇഷാനിയും വീഡിയോയിൽ പറയുന്നുണ്ട്. വീടിന് എന്തുകൊണ്ട് സ്ത്രീ എന്നു പേരിട്ടു എന്നതിനെക്കുറിച്ചും ഇവർ വ്ളോഗിൽ സംസാരിക്കുന്നുണ്ട്. അച്ഛൻ കൃഷ്‍ണകുമാറിന്റെ കരിയറിൽ വഴിത്തിരിവായ ഒരു സീരിയലായിരുന്നു സ്ത്രീ എന്നാണ് അഹാന പറയുന്നത്. കൂടാതെ വീട്ടിലെ മറ്റ് അംഗങ്ങളെല്ലാം സ്ത്രീകൾ ആയതിനാലാണ് വീടിന് ആ പേരു നൽകിയത് എന്നാണ് ഇരുവരും പറയുന്നത്.
ഇളയ സഹോദരി ഹൻസിക മാത്രമാണ് ഈ വീട്ടിൽ ജനിച്ചതെന്നും താനും ദിയയും അഹാനയും മുൻപ് താമസിച്ചിരുന്ന വാടകവീട്ടിലാണ് ജനിച്ചതെന്നും ഇഷാനി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീട് നിർമിക്കാൻ അച്ഛനും അമ്മയും ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും അതിന്റെയെല്ലാം ഫലമായാണ് ഇത്രയും വർഷം ഈ വീട്ടിൽ ഒരുപാട് ഓർമകൾ തങ്ങൾക്കുണ്ടായതെന്നും അഹാന വ്ളോഗിൽ പറഞ്ഞു. തന്റെ ബാല്യവും കൗമാരവും വളർച്ചയുമെല്ലാം കണ്ട വീടാണ് ഇതെന്നും താരം കൂട്ടിച്ചേർത്തു.
