അഹാന കൃഷ്‍ണകുമാറിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണും സ്വര്‍ണക്കടത്തും ബന്ധപ്പെടുത്തിയായിരുന്നു ഇൻസ്റ്റാഗ്രാം സ്റ്റോറി. അത് വലിയ വിവാദമായി. തുടര്‍ന്ന് വലിയ രീതിയില്‍ അഹാന കൃഷ്‍ണകുമാര്‍ വിമര്‍ശനം നേരിടേണ്ടിയും വന്നു. അധിക്ഷേപങ്ങളുമുണ്ടായി. സംഭവത്തില്‍ സൈബര്‍ ആക്രമണത്തിന് എതിരെ പ്രതികരിച്ച് അഹാന കൃഷ്‍ണകുമാര്‍ തന്നെ രംഗത്ത് എത്തുകയും ചെയ്‍തു. താരങ്ങള്‍ അടക്കമുള്ളവര്‍ അഹാന കൃഷ്‍ണകുമാറിന്റെ വീഡിയോ പങ്കുവയ്‍ക്കുകയും ചെയ്‍തിരുന്നു. മാന്യമായി പ്രതികരിക്കാനായിരുന്നു അഹാന കൃഷ്‍ണകുമാര്‍ ആവശ്യപ്പെട്ടത്. അഹാന കൃഷ്‍ണകുമാര്‍ ചെയ്‍ത വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്‍തു. ഇപ്പോഴിതാ ഒരു ആളുടെ ഇൻസ്റ്റഗ്രാം കമന്റിന് മറുപടിയുമായി വിവാദത്തില്‍ വിശദീകരണവുമായി അഹാന കൃഷ്‍ണകുമാര്‍ രംഗത്ത് എത്തിയിരിക്കുന്നു.

സൈബര്‍ ആക്രമണത്തിന് എതിരെ ചെയ്‍ത വീഡിയോയെ അഭിനന്ദിച്ചാണ് വിവാദ സ്റ്റോറിക്ക് ഒരാള്‍ വിശദീകരണം ചോദിച്ചത്. മിസ് അഹാന കൃഷ്‍ണ, നിങ്ങളുടെ പേജില്‍ വന്ന തെറ്റിദ്ധാരണാജനകമായ ഒരു സ്റ്റോറിയെക്കുറിച്ചുള്ള വിശദീകരണം വേണം എന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആവശ്യം ഉയരുന്നു. ക്ഷമാപണമല്ല, ഒരു വിശദീകരണമാണ് മിക്ക ആളുകളും വളരെ മാന്യമായി തന്നെ ചോദിക്കുന്നത്. അതിനാൽ തന്നെ, നിങ്ങളുടെ ആ നടപടിക്ക് ജനങ്ങളോട് വിശദീകരണം നൽകാൻ നിങ്ങൾ ബാധ്യസ്ഥയാണ്. കാരണം ഇത് പൊതുജീവിതത്തെയും ജനങ്ങളുടെ ഉപജീവനത്തെയും ബാധിക്കുന്ന ഒന്നാണ്. പൊതുജനങ്ങളുടെ അഭ്യർ‌ത്ഥന അവഗണിക്കുന്നത് ശരിയായ മാർ‌ഗ്ഗമല്ല. നിങ്ങളും നിങ്ങൾ പങ്കുവച്ച വിഡിയോയിലെ സ്ത്രീകളും കടന്നു പോയ സൈബർ ആക്രമണത്തെ ഞാൻ അപലപിക്കുന്നു. നിങ്ങളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നുവെന്നുമായിരുന്നു ഒരാള്‍ അഹാന കൃഷ്‍ണകുമാറിന് കമന്റിട്ടത്. വിശദമായി വിശദീകരണത്തോടെ അഹാന കൃഷ്‍ണകുമാര്‍ മറുപടിയും എഴുതി. രണ്ട് കാര്യങ്ങൾ കൊണ്ടാണ് ഞാൻ നിങ്ങൾക്ക് വിശദീകരണം തന്നത്. ഒന്ന്, നിങ്ങളുടെ കമന്റിൽ ഒരുപാട് മര്യാദ ഉണ്ട്. കാരണം അത് മറ്റുള്ളവരിൽ ഇപ്പോൾ കാണുന്നില്ല. രണ്ട്, ഒരു പരിധി കഴിയുമ്പോൾ നമുക്ക് ഇത് വേദനയുണ്ടാക്കും എന്ന്  അഹാന കൃഷ്‍ണകുമാറിന്റെ മറുപടിയില്‍ പറയുന്നു.

എന്റെ വാക്കുകള്‍ ഒരു മാധ്യമപ്രവര്‍ത്തകൻ വളച്ചൊടിച്ചതാണ്. അതാണ് ഞാൻ പറഞ്ഞത് എന്ന് പ്രചരിപ്പിച്ചതിനാണ് ഇപ്പോള്‍ എല്ലാവരും എന്നോടും വിശദീകരണം ചോദിക്കുന്നത്. കൊറോണ അല്ലെങ്കില്‍ കൊവിഡ് എന്ന് ഞാൻ പറഞ്ഞിട്ടില്ല. ലോക്ക് ഡൗണിന്റെ ആവശ്യമില്ല എന്നും പറഞ്ഞിട്ടില്ല.

അവിചാരിതമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ 18 വാക്കുകള്‍ മാത്രമുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ എന്റെ രണ്ട്  വ്യത്യസ്‍തമായ ചിന്തകള്‍ മാത്രമാണ് പങ്കു വെച്ചത്. ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിലായിരുന്നു ഞാൻ അപ്പോള്‍. പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടിലേക്ക് ഒറ്റയ്‍ക്ക് വരേണ്ടിവന്നു. രാവിലെ ആയാല്‍ എനിക്ക് തിരുവനന്തപുരത്ത് എത്താൻ കഴിയുമായിരുന്നില്ല. മനസില്‍ തോന്നിയ രണ്ട് ചിന്തകള്‍ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവയ്‍ക്കുകയായിരുന്നു. 24 മണിക്കൂര്‍ കഴിയുമ്പോള്‍ അത് ഡിലീറ്റ് ആകുകയും ചെയ്‍തു. ഒരു പ്രസ്‍താവന ആയിരുന്നില്ല അത്. ഒരു മാധ്യമപ്രവര്‍ത്തകൻ എന്റെ വാക്കുകള്‍ വളച്ചൊടിച്ച് എഴുതിയ പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണം. അയാള്‍ എന്തിന് അത് ചെയ്‍തുവെന്ന് എനിക്ക് അറിയില്ല.

ആ വളച്ചൊടിച്ച പ്രസ്‍താവനയുടെ വിശദീകരണമാണ് ആളുകൾ തന്നോട് ചോദിക്കുന്നത് എന്നും അഹാന കൃഷ്‍ണകുമാര്‍ മറുപടിയില്‍ പറയുന്നു.

ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തിൽ ലോക്ക് ഡൗണ്‍ വേണ്ടെന്നു പറയാൻ എനിക്ക് എങ്ങനെ കഴിയും.  ഞാനങ്ങനെ പറഞ്ഞു എന്ന രീതിയിൽ നിങ്ങളെപ്പോലെ വിശ്വസ്‍തരായ ആളുകൾ മുൻവിധിയോടെ സമീപിച്ചത് നിർഭാഗ്യകരമാണ്. അങ്ങനെ ചിന്തിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ലെന്നും അഹാന കൃഷ്‍ണകുമാര്‍ പറയുന്നു. കൊവിഡ് പൂർണമായും മാറുന്നതുവരെ ലോക്ക് ഡൗണ്‍ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽപെടുന്ന ആളാണ് താൻ എന്നും അഹാന കൃഷ്‍ണകുമാര്‍ പറയുന്നു.