മുംബൈ: നടിയും അഭിഷേക് ബച്ചൻ്റെ ഭാര്യയുമായ ഐശ്വര്യ റായ്ക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോളിവുഡിലെ മുതിർന്ന താരം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന വാര്‍ത്ത പുറത്തുവന്നത്. ട്വിറ്ററിലൂടെയാണ് ഇരുവരും രോഗ വിവരം പുറത്ത് വിട്ടത്.

കൊവിഡ് സ്ഥിരീകരിച്ചതോടെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ജുഹുവിലെ വീട്ടിൽ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. ഇരുവർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. മറ്റ് കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരുമടക്കം കൊവിഡ് പരിശോധനയ്ക്ക് വിധേയരാവും.

മാർച്ച് 25 മുതൽ ജുഹുവിലെ വീട്ടിൽ തന്നെയായിരുന്നു അമിതാഭ് ബച്ചൻ. കോൻ ബനേഗാ കരോട്പതി അടക്കം തൻ്റെ ചില ടെലിവിഷൻ ഷോയുടെ പ്രചാരണ വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ ബച്ചൻ ഷൂട്ട് ചെയ്തിരുന്നു. ചാനൽ സംഘാംഗങ്ങൾ വീട്ടിലെത്തിയായിരുന്നു ഷൂട്ടിംഗ്. ഇവരിൽ നിന്നാവാം രോഗബാധയുണ്ടായതെന്നാണ് സൂചന. അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടി രേഖയുടെ മുംബൈയിലെ ബംഗ്ലാവ് കോർപ്പറേഷൻ സീൽ ചെയ്തിട്ടുണ്ട്.