ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ സംഘർഷത്തിനിടെ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികരുടെ ത്യാഗത്തെക്കുറിച്ച് സിനിമ വരുന്നു. അജയ് ദേവ്ഗണ്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇരുപത് സൈനികര്‍ക്കായിരുന്നു ചൈനയുമായുള്ള സംഘര്‍ഷത്തില്‍ വീരമൃത്യു വരിക്കേണ്ടി വന്നത്. ഇവരുടെ ത്യാഗത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വലിയ ക്യാൻവാസിലുള്ള ഒരു ചിത്രമായിരിക്കും ഇത്. അജയ് ദേവ്ഗൺ ഫിലിംസും സെലക്റ്റ് മീഡിയ ഹോൾഡിംഗ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അജയ് ദേവ്ഗണ്‍ അറിയിച്ചിട്ടില്ല. കാസ്റ്റിങ്ങുൾപ്പെടെയുള്ള ജോലികൾ അന്തിമഘട്ടത്തിലാണ്.  അജയ് ദേവ്ഗണ്‍ സിനിമയില്‍ അഭിനയിക്കുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. ജൂൺ 15-ന് ആണ് കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ ഇരുപത് ഇന്ത്യൻ സൈനികര്‍ക്ക് ജീവൻ നഷ്‍ടമായത്. കിഴക്ക്-പടിഞ്ഞാറ് ദിശയിൽ ഒഴുകുന്ന നദിയുടെ തെക്കേ കരയിലാണ് സംഘർഷം ഉടലെടുത്തത്. ഷായോക്ക് നദിയുമായി സംഗമിക്കുന്നതിനു മുമ്പുള്ള സ്ഥലത്താണ് സൈനികർ ഏറ്റുമുട്ടിയത്.