തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളാണ് അജിത്തും വിജയ്‍യും.  ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടൻമാര്‍. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാണ്. ഇരുവരുടെയും കഥാപാത്രങ്ങളുടെ പേരുകളും ആരാധകര്‍ക്ക് ആവേശമാണ്. ഇരുവരും അഭിനയിച്ച ചില കഥാപാത്രങ്ങളുടെ പേരുകളില്‍ ചില കൌതുകങ്ങളുമുണ്ട്.

അജിത് ഒരിക്കല്‍ വിജയ് എന്ന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. സി ശിവകുമാര്‍ സംവിധാനം ചെയ്‍ത റെട്ടൈ ജാഡൈ വയസ് എന്ന സിനിമയിലാണ് അജിത് വിജയ് എന്ന കഥാപാത്രമായി അഭിനയിച്ചത്. തൊഡരും എന്ന സിനിമയില്‍ ജയറാം എന്ന കഥാപാത്രമായും എത്തി.  കാതല്‍ കോട്ടൈ എന്ന സിനിമയിലും ഉന്നൈ കൊടു എന്നൈ തരുവേൻ എന്ന സിനിമയിലും സൂര്യ എന്ന കഥാപാത്രമായും അജിത് അഭിനയിച്ചിട്ടുണ്ട്. പഗൈവാൻ എന്ന ചിത്രത്തില്‍ പ്രഭു എന്ന കഥാപാത്രമായും അജിത്ത് എത്തി. എന്നാല്‍ അജിത് എന്ന പേരില്‍ താരം ഇതുവരെ അഭിനയിച്ചിട്ടില്ല. തമിഴകത്തെ തന്നെ ശ്രദ്ധേയമായ താരങ്ങളുടെ പേരുകള്‍ സ്വന്തം കഥാപാത്രത്തിന്റെ പേരായി അജിത് സ്വീകരിച്ചപ്പോള്‍ വിജയ് ഒട്ടേറെ സിനിമകളില്‍ വിജയ് എന്ന പേരുള്ള കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഏഴോളം സിനിമകളിലാണ് വിജയ് സ്വന്തം പേരുള്ള കഥാപാത്രമായി അഭിനയിച്ചത്. തമിഴൻ എന്ന സിനിമയില്‍ സൂര്യ എന്ന കഥാപാത്രമായിട്ടാണ് വിജയ് എത്തിയത്.