മലയാളത്തിലെ അപ്‍കമിംഗ് റിലീസുകളില്‍ മറുഭാഷാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3

ദൃശ്യം ആദ്യ ഭാ​ഗത്തില്‍ ഇല്ലാതിരുന്ന പല അഭിനേതാക്കളും ദൃശ്യം 2 ല്‍ ഉണ്ടായിരുന്നു. നിര്‍ണായക റോളുകളില്‍ത്തന്നെ അത്തരത്തിലുള്ള പല അഭിനേതാക്കളും എത്തി. ദൃശ്യം 2 ല്‍ അത്തരത്തില്‍ ഒരു കഥാപാത്രമായി എത്തിയ ആളാണ് അജിത്ത് കൂത്താട്ടുകുളം. അജിത്ത് ഇപ്പോള്‍ എവിടെ പോയാലും ആളുകള്‍ക്ക് ചോദിക്കാനുള്ളത് ഒറ്റക്കാര്യമാണ്. ദൃശ്യം 3 ല്‍ അഭിനയിക്കുന്നുണ്ടോ? ചിത്രത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ പരിമിതികള്‍ ഉണ്ടെങ്കിലും ചിത്രത്തില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം ഒടുവില്‍ സമ്മതിച്ചിരിക്കുകയാണ് അജിത്ത്. യുട്യൂബ് ചാനലുകാരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അജിത്ത് കൂത്താട്ടുകുളം ചിത്രത്തിലെ തന്‍റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നത്.

ദൃശ്യം 3 ല്‍ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് അത് താന്‍ പറയില്ലെന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ അജിത്ത് ചിത്രത്തിലെ തന്‍റെ സാന്നിധ്യം വ്യക്തമാക്കി. 17 ദിവസത്തെ ചിത്രീകരണമാണ് ദൃശ്യം 3 ല്‍ അജിത്തിന് ഉണ്ടായിരുന്നത്. ദൃശ്യം 2 ല്‍ താന്‍ അഭിനയിച്ചത് 21 ദിവസം ആയിരുന്നെന്നും അജിത്ത് പറഞ്ഞു. ട്വിസ്റ്റുള്ള ക്ലൈമാക്സ് ആയിരിക്കുമോ ചിത്രത്തിന്‍റേത് എന്ന ചോദ്യത്തിന് ചിത്രത്തിന്‍റെ കഥ തന്നെ മുഴുവനായി തനിക്ക് അറിയില്ലെന്നും തന്‍റെ സീന്‍ മാത്രമാണ് മനസിലായതെന്നും അജിത്ത്. അതേസമയം ചിത്രത്തിന്‍റെ ടീസര്‍ ഇന്ന് പുറത്തെത്തും.

മലയാളത്തിലെ അപ്കമിം​ഗ് റിലീസുകളില്‍ മറുഭാഷാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ആദ്യ രണ്ട് ഭാ​ഗങ്ങള്‍ റീമേക്കുകളിലൂടെ മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ നേടിയ വമ്പന്‍ റീച്ച് ആണ് ഇതിന് കാരണം. കൊവിഡ് കാലത്ത് ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ദൃശ്യം 2 മലയാളം ഒറിജിനല്‍ തന്നെ മലയാളികള്‍ക്ക് പുറത്ത് വലിയ റീച്ച് നേടിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ദൃശ്യം. അതേസമയം പ്രതീക്ഷകളൊന്നുമില്ലാതെ ചിത്രം കാണാന്‍ വരണമെന്ന് ജീത്തു ജോസഫ് പ്രേക്ഷകരോട് പറഞ്ഞിരുന്നു. “ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്, നേരത്തെ ഒരു അഭിമുഖത്തില്‍ ജീത്തു പറ‍ഞ്ഞിരുന്നു.