ചെന്നൈ: തമിഴില്‍ ആരാധകരുടെ പ്രിയ താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനിയുടെ നാല്‍പ്പതാം പിറന്നാളായിരുന്നു നവംബര്‍ 20ന്. പിറന്നാള്‍ ദിനത്തില്‍ വമ്പന്‍ സര്‍പ്രൈസാണ് അജിത്ത് ഭാര്യക്കായി ഒരുക്കിയത്. ചെന്നൈയിലെ ലീലാ പാലസിലാണ് ശാലിനിക്കായി അജിത്ത് പാര്‍ട്ടി ഒരുക്കിയത്. ശാലിനിയുടെ കോളേജിലെ ഫ്രണ്ട്സിനെയെല്ലാം അദ്ദേഹം ക്ഷണിച്ചിരുന്നു. 

ശാലിനിയെ അറിയിക്കാതെയായിരുന്നു അജിത്ത് ഈ ഒരുക്കങ്ങളെല്ലാം നടത്തിയത്. കുടുംബത്തിനൊപ്പം ഹോട്ടലില്‍ ഡിന്നറിനായി പോകുന്നുവെന്ന് മാത്രമാണ് അജിത്ത് ശാലിനിയോട് പറഞ്ഞത്. ബീച്ചിനടുത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നത് ശാലിനിക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ടുതന്നെയാണ് അജിത്ത് ലീലാ പാലസ് തെരഞ്ഞെടുത്തത്. 

ആഘോഷങ്ങള്‍ക്കായി ഒരു ഹാള്‍ പൂര്‍ണ്ണമായും ബുക്ക് ചെയ്തിരുന്നു. ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കാനായതില്‍ അതീവ സന്തുഷ്ടയായിരുന്നു ശാലിനി. 

തമിഴിലെ ഏറ്റവും ആരാധകരുള്ള ദമ്പതികളാണ് ശാലിനിയും അജിത്തും. 2000ലാണ് ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തത്. അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വിവാഹത്തിന് ശേഷം ശാലിനി സിനിമയോട് വിടപറഞ്ഞു. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്.