തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അഖിൽ മാരാർ, തനിക്ക് ലഭിക്കുന്ന വോട്ടുകൾ പ്രവചിക്കാൻ ആവശ്യപ്പെട്ടു. ശരിയുത്തരം പറയുന്നവർക്ക് സമ്മാനം വാഗ്ദാനം.

സോഷ്യൽ മീഡിയയിലും അല്ലാതെയുമുള്ള തുറന്നുപറച്ചിലുകളിലൂടെ ശ്രദ്ധനേടിയ ആളായിരുന്നു അഖിൽ മാരാർ. പിന്നീട് താത്വിക അവലോകനം എന്ന ചിത്രത്തിന്റെ സംവിധായകനായി വെള്ളിത്തിരയിൽ എത്തിയ അഖിൽ, ബി​ഗ് ബോസ് മലയാളം സീസൺ 5ലെ മത്സരാർത്ഥിയായി എത്തുകയും വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കുകയും ചെയ്തു. സീസൺ വിജയിയായി ഷോയിൽ നിന്നും ഇറങ്ങിയ അഖിൽ നായകനായും സിനിമയിൽ എത്തി. നിലവിൽ നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ ജനവിധി എന്തെന്ന് അറിയാൻ കാത്തിരിക്കുകയാണ് അഖിൽ മാരാർ.

തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി ആയിട്ടായിരുന്നു അഖിൽ മത്സരിച്ചത്. മെയ് 4ന് വോട്ടെണ്ണൻ നടക്കാനിരിക്കെ അഖിൽ പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. തനിക്ക് എത്ര വോട്ട് ലഭിക്കുമെന്ന് പ്രവചിക്കാനും കറക്ട് ഉത്തരം പറയുന്നവർക്ക് സമ്മാനമുണ്ടെന്നും ആണ് അഖിലിന്റെ വാക്കുകൾ. "എത്ര വോട്ട് എനിക്ക് ലഭിക്കാം..കറക്റ്റ് ആയി പറയുന്നവരിൽ ഒരാൾക്ക് എന്റെ വക ഒരു ഉഗ്രൻ സമ്മാനം. NB : നിങ്ങളുടെ ചിന്തകൾ അറിയാനുള്ള ആഗ്രഹം മാത്രം. ചുമ്മാ ആക്ഷേപിക്കാൻ കമന്റ് ഇടാതെ ഏറെക്കുറെ ശെരി എന്ന് തോന്നുന്ന കണക്ക് ഇട്ടോളൂ.. ഒരാൾക്ക് ഒരു കമന്റ് മാത്രം", എന്നായിരുന്നു അഖിലിന്റെ കുറിപ്പ്.

പിന്നാലെ വന്നത് ട്രോളുകളും പരിഹാസ കമന്റുകളുമാണ്. "വോട്ടിന്റെ എണ്ണം പറയാൻ പറ്റില്ല. പക്ഷെ ഒന്ന് പറയാം 100% തോൽക്കും", എന്നാണ് ഒരു യുവതി കമന്റ് ചെയ്തത്. ഏറ്റവും കൂടുതൽ ലൈക്ക് വാരിക്കൂട്ടിയതും ഈ കമന്റാണ്. "അഖിൽ ചേട്ടന് ലഭിക്കുന്ന വോട്ടിന്റെ എണ്ണം അറിയില്ല. പക്ഷേ തോൽവി സ്ഥാനാർഥികളുടെ ലിസ്റ്റിൽ മുൻനിരയിൽ തന്നെ ചേട്ടന്റെ ഫോട്ടോ വരും", "കേരളത്തിലെ അമ്മമാരുടെ വോട്ട് ഫുൾ നിനക്ക് അല്ലെ. അമ്മാതിരി തോന്നിവാസം അല്ലെ ഒരു ഉളുപ്പും ഇല്ലാതെ നീ പറഞ്ഞത്. ദൈവം ഉണ്ടെങ്കിൽ നീ എട്ട് നിലയിൽ പൊട്ടും മാരാരെ നീ നോക്കിക്കോ", "എത്ര വോട്ട് എന്നറിയില്ല. ഏറ്റവും വലിയ തോൽവി നിനക്കായിരിക്കും", "തൃക്കാക്കരയിൽ എത്ര മണ്ടന്മാർ ഉണ്ടെന്ന് മെയ്‌ 4 ന് അറിയാനുള്ള ആകാംഷയിലാണ്", എന്നിങ്ങനെ പോകുന്നു പരിഹാസ വിമർശന കമന്റുകൾ.

അതേസമയം, അഖിൽ എത്ര വോട്ടിനായാലും വിജയിക്കണമെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. "അഖിലേ തോറ്റാലും വിഷമിക്കണ്ട കാരണം കേരളത്തിൽ ന്യുനപക്ഷ പ്രീണനം ആയതുകൊണ്ട് ബി ജെ പി യ്ക്ക് ജയിക്കാൻ ബുദ്ധിമുട്ട് ആണ് . എന്നിരുന്നാലും ഒരു സ്ഥാനാർഥി ആവുക ധൈര്യം ആയി പ്രവർത്തിക്കുക", "എത്ര എണ്ണം വോട്ട് കിട്ടുമെന്നൊന്നും അറിയില്ല. പക്ഷേ താങ്കൾ ജയിക്കും അതൊരു വാശിയാ", എന്നിങ്ങനെ പോകുന്നു അഖിൽ മാരാരെ പിന്തുണയ്ക്കുന്നവരുടെ കമന്റുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming