ഉത്തര്‍ പ്രദേശില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി നിര്‍മ്മിക്കാനുള്ള ആലോചനകളെക്കുറിച്ച് സെപ്റ്റംബറില്‍ ആദിത്യനാഥ് പറഞ്ഞിരുന്നു.

മുംബൈ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി മുംബൈയിലെത്തിയ ആദിത്യനാഥിനെ അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ എത്തിയാണ് അക്ഷയ് കുമാര്‍ കണ്ടത്. ലഖ്‍നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ധനസമാഹരണത്തിനുവേണ്ടി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 200 കോടിയുടെ കടപ്പത്രം അവതരിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുത്തുന്നതിനുവേണ്ടിയാണ് യോഗി ആദിത്യനാഥ് മുംബൈയില്‍ എത്തിയത്. നാളെയാണ് പ്രസ്തുത പരിപാടി.

ഉത്തര്‍ പ്രദേശില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി നിര്‍മ്മിക്കാനുള്ള ആലോചനകളെക്കുറിച്ച് സെപ്റ്റംബറില്‍ ആദിത്യനാഥ് പറഞ്ഞിരുന്നു. ഇരട്ട നഗരങ്ങളായ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലുമായി ഫിലിം സിറ്റി നിര്‍മ്മിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ആലോചന. ഈ പദ്ധതി സംബന്ധിച്ചുള്ള കാര്യങ്ങള്‍ അക്ഷയ് കുമാറുമായി അദ്ദേഹം ചര്‍ച്ച നടത്തിയതായാണ് സൂചന. കൂടുക്കാഴ്ചയെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സിനിമാലോകത്തിന്‍റെ വിവിധ തലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അക്ഷയ് കുമാറുമായി നടത്തിയതായി യോഗി ആദിത്യനാഥ് കുറിച്ചു. സ്വന്തം പ്രവര്‍ത്തനമേഖലയോടുള്ള അര്‍പ്പണത്തിന്‍റെ കാര്യത്തില്‍ അക്ഷയ് കുമാര്‍ യുവാക്കള്‍ക്ക് മാതൃകയാണെന്നും യുപി മുഖ്യമന്ത്രി കുറിച്ചു.

അതേസമയം ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ വിഭാവനം ചെയ്യുന്ന ഫിലിം സിറ്റി പദ്ധതിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിനിമാലോകത്തെ നിരവധി വ്യക്തിത്വങ്ങളുമായുള്ള വെര്‍ച്വല്‍ മീറ്റിംഗുകളിലും ആദിത്യനാഥ് പങ്കെടുത്തിരുന്നു. ഏറിയകൂറും മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബോളിവുഡ് വ്യവസായത്തെ യുപിയിലേക്ക് ആകര്‍ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യം.