Asianet News Malayalam

‘വന്നതില്‍ വലിയ തുകകള്‍ വളരെ കുറവ്’; മമ ധര്‍മ്മയ്ക്ക് ഇനിയും പണം വേണമെന്ന് അലി അക്ബര്‍

ചെറിയ തുകയാണ് മമ ധര്‍മ്മയിലേക്ക് കൂടുതലും വന്നിരിക്കുന്നതെന്നും ഇനിയും സിനിമയ്ക്ക് വേണ്ടി ഭിക്ഷയാചിക്കാന്‍ തയ്യാറാണെന്നും അലി അക്ബര്‍ പറയുന്നു. 

ali akbar facebook live about his new movie
Author
Kochi, First Published Mar 17, 2021, 11:31 AM IST
  • Facebook
  • Twitter
  • Whatsapp

1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയ്ക്ക് ആവശ്യമായ ധനസമാഹരണം വേണ്ട വിധത്തിൽ നടന്നിട്ടില്ലെന്ന് സംവിധായകന്‍ അലി അക്ബര്‍. ചെറിയ തുകയാണ് മമ ധര്‍മ്മയിലേക്ക് കൂടുതലും വന്നിരിക്കുന്നതെന്നും ഇനിയും സിനിമയ്ക്ക് വേണ്ടി ഭിക്ഷയാചിക്കാന്‍ തയ്യാറാണെന്നും അലി അക്ബര്‍ പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അലി അക്ബറിന്റെ വാക്കുകൾ

‘ജനങ്ങള്‍ തന്ന ചെറിയ തുകയുടെ ബലത്തിലാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രം കോടിക്കണക്കിന് ജനങ്ങള്‍ കാണും. ശരീരം കൊണ്ടും മനസുകൊണ്ടും പൂര്‍ത്തീകരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ സിനിമയായിരിക്കും പുഴ മുതല്‍ പുഴ വരെ. ഇരുപതു ദിവസത്തെ സിനിമയുടെ ആദ്യഘട്ട ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി. വാരിയംകുന്നനായി അഭിനയിക്കുന്ന തലൈവാസൽ വിജയ്‌യുടെ 90 ശതമാനം ഭാഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞു. കലാഭവൻ മണിയുടെ സഹോദരൻ രാമകൃഷ്ണൻ മനോഹരമായ വേഷം ഈ ചിത്രത്തിൽ ചെയ്യുന്നുണ്ട്. പലപ്പോഴും മണി മുന്നിൽ വന്ന് അഭിനയിക്കുന്നതുപോലെ തോന്നി. വയനാട്ടിലെ നൂറോളം പേർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. സിനിമയ്ക്കെതിരെ പല ഭീഷണികളും ഉണ്ടായിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് ഈ അണിയറപ്രവർത്തകര്‍ എന്നോടൊപ്പം കൂടിയത്.

തുച്ചമായ തുക കൊണ്ടാണ് ഈ സിനിമ നിർമിക്കാൻ ഇറങ്ങിയത്. ആ പൈസയ്ക്കുള്ളത് ഇപ്പോൾ ഷൂട്ട് ചെയ്ത് കഴിഞ്ഞു. ഏകദേശം 80 ലക്ഷം രൂപ ഇതിനോടകം ചിലവായിട്ടുണ്ട്. ഒരു ലോറിക്കുള്ള വസ്ത്രങ്ങള്‍ തന്നെ സിനിമയ്ക്കായി ചെയ്തു. എന്റെ വീട് തന്നെ മിനി ഗോഡൗൺ ആയി മാറിക്കഴിഞ്ഞു. അടുത്ത ഷെഡ്യൂൾ ഇനി ഇലക്‌ഷനു ശേഷമാകും ആരംഭിക്കുക.

സിനിമയിൽ അഭിനയിക്കാൻ ഒരുപാട് പേർ എന്നെ വിളിച്ചിരുന്നു. പക്ഷേ അതിനുള്ള കാശ് എന്റെ കയിൽ ഇല്ല. ഇപ്പോൾ ഒരു ലോഡ്ജ് ആണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. അതു മുഴുവൻ സിനിമയുടെ ആളുകളായി. ഇനി ഒരാളെപ്പോലും പുതിയതായി വയ്ക്കാൻ സാധിക്കില്ല. അടുത്ത ഘട്ടം കോഴിക്കോട് ആണ്. അവിടെ കാസ്റ്റിങ് കോൾ ഉണ്ടായിരിക്കും. പക്ഷേ സ്വന്തം ചിലവിൽ വന്ന് അഭിനയിച്ച് പോകണം. കാരണം എന്റെ കയ്യിൽ പൈസ ഇല്ല. ഞാൻ വലിയൊരു ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളുടെ പിന്തുണ ഉണ്ട്. പക്ഷേ സാമ്പത്തികമായി ഒന്നുമില്ല. എന്നിരുന്നാലും ഞാൻ ഇത് പൂർത്തീകരിക്കും. അമേരിക്കയിലും ആഫ്രിക്കയിലുമുള്ള സുഹൃത്തുക്കൾ പണം അയച്ചിരുന്നു. ഇനിയും പണം അയയ്ക്കണം. ഭംഗിയായി ഇത് തീർക്കണം. എന്റെ മാത്രം സിനിമയല്ല, ഇത് നിങ്ങളുടെ സിനിമയാണ്. നിങ്ങൾ ആഗ്രഹിച്ച സിനിമ.

ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുമ്പ് സിനിമയുടെ ആവശ്യത്തിനായി തോക്കും, മറ്റ് സാധനങ്ങളും ഉണ്ടാക്കുന്ന ചിത്രം പങ്കുവെച്ച് അലി അക്ബര്‍ ധന സഹായത്തിന്റെ കാര്യം ആവശ്യപ്പെട്ടിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ഘട്ടത്തില്‍ ഒരു കോടി മതിയെന്നും, ഇനിയും സഹായിക്കണമെന്നും നേരത്തെ അലി അക്ബര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഷൂട്ടിംഗ് ഫ്ലോറാണ് അലി അക്ബര്‍ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചിരുന്നു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

Follow Us:
Download App:
  • android
  • ios