Asianet News MalayalamAsianet News Malayalam

അലി അക്ബര്‍ ഇനി 'രാമസിംഹന്‍'; ഹിന്ദു മതാചാര പ്രകാരം ചടങ്ങുകള്‍

ഇസ്‍ലാം മതം ഉപേക്ഷിക്കാനുള്ള തീരുമാനം കഴിഞ്ഞ മാസമാണ് സംവിധായകന്‍ പ്രഖ്യാപിച്ചത്

ali akbar received new name ramasimhan according to hindu rites
Author
Thiruvananthapuram, First Published Jan 13, 2022, 9:26 PM IST

താന്‍ ഇസ്‍ലാം മതം ഉപേക്ഷിക്കുകയാണെന്നും പേര് മാറ്റുകയാണെന്നും സംവിധായകന്‍ അലി അക്ബര്‍ (Ali Akbar) നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാമസിംഹന്‍ (Ramasimhan) എന്നായിരിക്കും താന്‍ ഇനി അറിയപ്പെടുകയെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഹിന്ദു മതാചാര പ്രകാരം പുതിയ പേര് സ്വീകരിച്ചിരിക്കുകയാണ് സംവിധായകന്‍. ഹിന്ദു സേവാ കേന്ദ്രം നേതാവ് പ്രതീഷ് വിശ്വനാഥ് ആണ് ചടങ്ങിന്‍റെ ചിത്രമടക്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ഡിസംബര്‍ 10ന് ആണ് താന്‍ ഇസ്‍ലാം മതം ഉപേക്ഷിക്കുന്നതായ തീരുമാനം അലി അക്ബര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ബിപിന്‍ റാവത്തിന്‍റെ മരണവാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ സ്മൈലികള്‍ ഇടുന്നതായി ചൂണ്ടിക്കാട്ടി അലി അക്ബര്‍  ഒരു ഫേസ്ബുക്ക് ലൈവും നടത്തിയിരുന്നു. എന്നാല്‍ ലൈവ് വീഡിയോയിലെ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സംവിധായകന്‍റെ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ജ്ജീവമാക്കിയിരുന്നു. തുടര്‍ന്ന് മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു മതം വിടുന്നതായ പ്രഖ്യാപനം.

Follow Us:
Download App:
  • android
  • ios