ജന്മദിന ആഘോഷങ്ങളുടെ വീഡിയോ പങ്കുവെച്ച് ആലിയ ഭട്ട് (Alia Bhatt). 

ബോളിവുഡിന്റെ പ്രിയ താരം ആലിയ ഭട്ടിന്റെ (Alia Bhatt) ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. തന്റെ ജന്മദിനത്തില്‍ ആശംസകളുമായി എത്തിയവര്‍ക്ക് നന്ദി പറയുകയാണ് ആലിയ ഭട്ട്. ജന്മദിന ആഘോഷങ്ങളുടെ ഒരു വീഡിയോയും ആലിയ ഭട്ട് ഷെയര്‍ ചെയ്‍തിരിക്കുന്നു. മാലി ദ്വീപിലാണ് തന്റെ ജന്മദിന ആഘോഷത്തിനായി ആലിയ ഭട്ട് തെരഞ്ഞെടുത്തത്.

ആലിയ ഭട്ട് ചിത്രം 'ബ്രഹ്‍മാസ്‍ത്ര'യുടെ ഫസ്റ്റ് വിഷ്വല്‍സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുമ്പോള്‍ നായകൻ രണ്‍ബിര്‍ കപൂറാണ്. ഇരുവരും വൈകാതെ വിവാഹിതരാകും എന്നും റിപ്പോര്‍ട്ടുണ്ട്. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് രണ്‍ബീര്‍ കപൂറിന്റെ 'ബ്രഹ്‍മാസ്‍ത്ര'. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'.

View post on Instagram

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. അമിതാഭ് ബച്ചനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര'യുടെ ആദ്യ ഭാഗം സെപ്റ്റംബര്‍ ഒമ്പതിന് റിലീസ് ചെയ്യുക.

Read More : രണ്‍ബിറിനൊപ്പം 'ബ്രഹ്‍മാസ്‍ത്ര', ചിത്രത്തിന്റെ ഫസ്റ്റ് വിഷ്വല്‍സ് പുറത്തുവിട്ട് ആലിയ ഭട്ട്

ആലിയ ഭട്ട് നായികയായി ഏറ്റവും ഒടുവില്‍ എത്തിയതാണ് 'ഗംഗുഭായ് കത്തിയാവാഡി'. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്‍തത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു. മോശമല്ലാത്ത പ്രകടനമാണ് ചിത്രം തിയറ്ററുകളില്‍ നടത്തുന്നത്.

സഞ്‍ജയ് ലീല ബന്‍സാലിയും ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നതും. കാമാത്തിപുര പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രം ആയിട്ടാണ് ആലിയ ഭട്ട് എത്തുന്നത്.

ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ 'ഗംഗുഭായ് കൊത്തേവാലി' എന്ന സ്‍ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചെങ്കിലും ഷൂട്ടിംഗ് കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയതിനാലാണ് പൂര്‍ത്തിയാകാൻ വൈകിയത്.

'ഗംഗുഭായ് കത്തിയവാഡി' ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ തന്നെ ആലിയ ഭട്ടിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. 'റഹിം ലാല' എന്ന കഥാപാത്രമായി അജയ്‍ ദേവ്‍ഗണും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പദ്‍മാവതി'നു ശേഷം എത്തിയ സഞ്‍ജയ് ലീല ബന്‍സാലി ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. സുദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 'ഗംഗുഭായ് കത്തിയവാഡി' ചിത്രത്തിലെ ഗാനങ്ങള്‍ക്കും റിലീസിനു മുന്നേ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആലിയ ഭട്ടിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ മികച്ച ഒന്നാണ് 'ഗംഗുഭായ് കത്തിയവാഡി'യിലേത് എന്നാണ് സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍.