തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജ്ജുന്‍. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ പ്രിയതാരം. സിനിമാ തിരക്കുകൾക്കിടയിലും അല്ലു സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ അച്ഛനെ വെല്ലുന്ന പ്രകടനവുമായി സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് താരത്തിന്റെ മകൾ അര്‍ഹ. 

മണിരത്നം സംവിധാനം ചെയ്ത എവര്‍ഗ്രീന്‍ ചിത്രമായ അഞ്ജലിയിലെ ചിത്രത്തിലെ 'അഞ്ജലി അഞ്ജലി..' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം പുനരാവിഷ്കരിച്ചാണ് അര്‍ഹ കെെയ്യടി നേടുന്നത്. മകളുടെ ജന്മദിനത്തിലാണ് അല്ലു വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒറിജിനലിനെ ഓര്‍മ്മിപ്പിക്കുന്നതാണ് അര്‍ഹയുടെ പ്രകടനം. വീഡിയോയില്‍ അര്‍ഹയുടെ സഹോദരനും മറ്റ് കുടുംബാംഗങ്ങലുമെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട്. 

വീഡിയോ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. അച്ഛനെ പോലെ മകളും വളര്‍ന്നൊരു നടിയായി മാറുമെന്നാണ് ആരാധകര്‍ പറയുന്നത്. 'പുഷ്പ'യാണ് അല്ലു അര്‍ജുന്‍ അഭിനയിക്കുന്ന പുതിയ ചിത്രം. സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.